കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയില്‍ വലിയ വിമർശനമാണ് ഉയരുന്നത്. എയിംസ് അടക്കമുള്ള നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കേരളത്തിന് ലഭിച്ചത് ധാതു ഇടനാഴിയും കടലാമകൾക്കായുള്ള പ്രത്യേക സംരക്ഷണകേന്ദ്രവുമാണ്. എയിംസ് വരുമെന്നുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിരന്തരമായ പ്രസ്താവനകൾ ഉൾപ്പെടെ കുത്തിപ്പൊക്കിയാണ് 'ആമ' ട്രോളുകൾ സൈബറിടത്ത് പ്രചരിക്കുന്നത്.

ഉങ്കളുക്ക് AIIMS താനെ വേണം? എന്ന് ഫോണിലൂടെ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ സുരേഷ് ഗോപിയോട് ചോദിക്കുന്നതും ആമ..ആമ..ആമ എന്ന് പറയുന്നതും പിന്നാലെ കടലാമകൾക്കായുള്ള പ്രത്യേക പാക്കേജ് കിട്ടുന്നതുമാണ് ട്രോളില്‍ നിറയുന്നത്. ‘ആമ കൃഷിക്ക് എല്ലാവർക്കും ലോൺ കേരളത്തിന് ആമയും തേങ്ങയും മാത്രം’ വി കെ പ്രശാന്ത് എം എൽ എയും വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഈയടുത്താണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിവാദ പ്രസംഗം നടത്തിയത്. കേരളത്തിൽ എയിംസ് വരും മറ്റേ മോനേ എന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. പരാമർശത്തിനെതിരെ വ്യാപക വിമർശനമുയർന്നു. നേരത്തെ എയിംസ് തൃശൂരോ ആലപ്പുഴയോ തിരുവനന്തപുരമോ വരുമെന്നും കേരളം ഭൂമി നൽകിയില്ലെങ്കിൽ പൊള്ളാച്ചിയിലേക്ക് പോകുമെന്നും സുരേഷ് ഗോപി പ്രസ്താവന നടത്തിയിരുന്നു. 

ENGLISH SUMMARY:

Kerala budget neglect is a significant issue highlighted by the Union Budget's perceived snub to the state. Despite expectations for major announcements like AIIMS, Kerala received proposals for a mineral corridor and a special conservation center for turtles, leading to widespread criticism and online trolling.