കുറച്ചുനേരം ഒറ്റയ്ക്ക് ഇരിക്കാന്‍ ആഗ്രഹിക്കാത്തവര്‍ നമ്മുടെ ഇടയില്‍ ഉണ്ടാകില്ല. എന്നാല്‍ കാടിനകത്തെ ഒരു മലയിടുക്കില്‍ വര്‍ഷങ്ങളായി ഒറ്റയ്ക്ക് താമസിച്ചാലോ? അങ്ങനെ ഒരാള്‍ വയനാട്ടിലുണ്ട്. ആ ഏകാന്ത ജീവിതം തേടി, കാടും മേടും താണ്ടി അമ്പുകുത്തി മലമുകളിലേക്കാണ് നമ്മുടെ യാത്ര.
ശരിക്കും പറഞ്ഞാല്‍ വലിയൊരു കാട്. ഇടയ്ക്ക് ശ്രദ്ധിച്ചാല്‍ ചെറിയ നടവഴി കാണാം.പായല്‍ മൂടിയ പാറക്കെട്ടുകളും കല്ലുകളും താണ്ടി കുത്തനെയുള്ള കയറ്റം കയറുന്നത് എളുപ്പമല്ല. കുറച്ച് നടന്നാലും കുഴപ്പമില്ല.. കാണാന്‍ പോകുന്ന ആള്‍ അത്രയ്ക്ക് സ്പെഷലാണല്ലോ. ഞങ്ങള്‍ ചെന്നപ്പോള്‍ ചിക്കിമുത്തശി രാവിലത്തെ ഭക്ഷണം ഒരുക്കുന്ന തിരക്കിലാണ്. മിനുസത്തില്‍ ചാണകം മെഴുകിയ ഈ പുല്ലുവീട്ടില്‍ ഏതാണ്ട് നാല് വര്‍ഷമായി മുത്തശി ഒറ്റയ്ക്കാണ് താമസം. വെളിച്ചത്തിന് സോളാര്‍ ലൈറ്റുണ്ട്.. ഒറ്റയ്ക്കായാല്‍ ബോറടിക്കില്ലേ. അതിനാണ് ഈ പാട്ടുപെട്ടി..
പുലിയും വന്യമൃഗങ്ങളും വിഹരിക്കുന്ന ഈ കാട്ടിലെ മലയിടുക്കില്‍ എന്തുകൊണ്ട് ഒറ്റയ്ക്ക് എന്ന ചോദ്യം ന്യായമാണ്. ഭര്‍ത്താവിന്‍റെ ഓര്‍മകളുള്ള ഈ മണ്ണില്‍ നിന്ന് വിട്ടുപോകാന്‍ തോന്നിയില്ല. മക്കളെല്ലാം താഴെയാണ് താമസം. കാട്ടുനായ്ക ഗോത്ര വിഭാഗത്തിലുള്ളതാണ് മുത്തശി. പലരും കൗതുകം കൊണ്ട് അറിഞ്ഞും കേട്ടും വനമുത്തശിയെ കാണാന്‍ മലകയറി വരാറുണ്ട്.. എഴുപത് വയസ് ആകാറായി. ആരോഗ്യമുള്ള കാലം വരെ ഈ മലയടിവാരത്ത് താമസിക്കാന്‍ തന്നെയാണ് ആഗ്രഹം..