mvd-viral

ഒരു വര്‍ഷം അഞ്ച് ചലാന്‍ കിട്ടിയാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദാകുമെന്ന മുന്നറിയിപ്പ് വന്നിട്ട് മണിക്കൂറുകളേ ആയിട്ടുള്ളു. എങ്കിലും ഗതാഗതനിയമം ലംഘിക്കുന്നതില്‍ രസംകണ്ടെത്തുന്ന വിദ്വാന്മാര്‍ അനേകമുണ്ട്. അത്തരത്തില്‍ ചിലര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥന്‍ നല്‍കിയ ഉപദേശം സോഷ്യല്‍ മീഡിയയെ അക്ഷരാര്‍ഥത്തില്‍ തീപിടിപ്പിച്ചു. 

ഹെൽമറ്റ് ധരിക്കാതെ ബൈക്കോടിച്ച രണ്ടുപേരെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളും ഗതാഗതവകുപ്പ് ഉദ്യോസ്ഥരും തടഞ്ഞുനിർത്തിയിടത്താണ് തുടക്കം. എങ്ങോട്ടാ എന്ന ചോദ്യത്തിന് പള്ളിയില്‍ നിസ്കരിക്കാന്‍ പോവുകയാണെന്നെന്ന് മറുപടി. ഹെല്‍മറ്റ് ഇല്ലല്ലോ എന്ന് ഉദ്യോഗസ്ഥന്‍. തലപ്പാവ് ചൂണ്ടിക്കാട്ടി യാത്രക്കാര്‍. അപ്പോഴാണ് ഉദ്യോഗസ്ഥന്‍ നിയമവും വിശ്വാസവും തമ്മിലുള്ള ബന്ധം ഒറ്റവരിയില്‍ പറഞ്ഞു. അതോടെ നിയമം ലംഘിച്ചവര്‍ക്ക് മിണ്ടാട്ടം മുട്ടി!

‘തൊപ്പി നമുക്ക് സുന്നത്തേ ഉള്ളു, പക്ഷേ ഹെൽമറ്റ് ഫർളാണ്.’ ഇതായിരുന്നു ആ വാചകം. ഫര്‍ളാ (ഫർള് കിഫായ) എന്നാല്‍ ഓരോ വ്യക്തിയും നിർബന്ധമായും ചെയ്തിരിക്കണമെന്ന് ഇസ്‍ലാം അനുശാസിക്കുന്ന കാര്യങ്ങളാണ്. ഇത് പാലിക്കാതിരിക്കുന്നത് പാപമായി കണക്കാക്കും. സുന്നത്ത് എന്നാല്‍ മതാനുഷ്ഠാനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളാണ്. അവ അനുഷ്ഠിച്ചാല്‍ ആത്മീയമായ സദ്‍ഫലം ഉണ്ടാകും. അനുഷ്ഠിച്ചില്ലെങ്കില്‍ അതിനെ പാപമായി കാണുകയുമില്ല. മതപരമായ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും നൽകുന്ന പ്രാധാന്യം, സ്വന്തം ജീവന്‍റെ സുരക്ഷയ്ക്കും നിയമം പാലിക്കുന്നതിനും നൽകണമെന്നാണ് അദ്ദേഹം ഓർമ്മിപ്പിക്കുന്നത്.

ഹെൽമറ്റ് ഇല്ലാതെയുള്ള യാത്ര കേവലം നിയമലംഘനം മാത്രമല്ല, മറിച്ച് അപകടമുണ്ടായാൽ നിങ്ങളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന കാര്യമാണെന്നും. പിഴ അടയ്ക്കുന്നതിനേക്കാൾ ഉപരിയായി, നിങ്ങളുടെ കുടുംബത്തിന് നിങ്ങൾ എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് ഓരോ യാത്രക്കാരും തിരിച്ചറിയണമെന്നും ആ ഉദ്യോഗസ്ഥന്‍റെ സ്നേഹപൂര്‍വ്വമായ ഇടപെടലില്‍ നിന്ന് വായിച്ചെടുക്കാം. 

ENGLISH SUMMARY:

Traffic laws in Kerala are stringent, and safety is paramount. Prioritize your life and family by adhering to the rules, understanding that personal safety should take precedence over religious practices.