vlogger-viral

TOPICS COVERED

ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് വ്ലോഗർ ശ്രീദേവി ഗോപിനാഥ്. ദീപക്കിന്റെ ആത്മഹത്യയുടെ പേരിൽ സ്ത്രീകളെ മുഴുവൻ അടച്ചാക്ഷേപിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്ന് ശ്രീദേവി പറഞ്ഞു. അ‍ഞ്ച് മാസം ഗർഭിണിയായിരിക്കെ ഭർത്താവ് ബലാത്സംഗം ചെയ്ത സംഭവവും ശ്രീദേവി വിവരിച്ചു. എല്ലാ പുരുഷന്മാരും പ്രശ്നക്കാരല്ല എന്നതുപോലെ എല്ലാ സ്ത്രീകളും പ്രശ്നക്കാരല്ല എന്നും ശ്രീദേവി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു.

ശ്രീദേവിയുടെ വാക്കുകൾ

‘ദീപക്കിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. വളരെയധികം മനസ്സിന് സന്തോഷമുണ്ട്. ഇങ്ങനെയൊരു വൃത്തികേട് ആ സ്ത്രീ കാണിച്ചതിൽ ഒരു ന്യായീകരണവും പറയാനില്ല. ഞാനും അതിനെപ്പറ്റി സംസാരിച്ചിരുന്നു. പരമാവധി ശിക്ഷ ആ കുട്ടിക്ക് കിട്ടണം എന്നതാണ് എന്റെയും അഭിപ്രായം

പക്ഷേ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്ത്രീ സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള സംസാരങ്ങൾ കാണുന്നുണ്ട്. സ്ത്രീകൾക്ക് മാത്രമായി ഒരു ബസ്, പുരുഷന്മാർക്ക് മാത്രമായി ഒരു ബസ്, ആണുങ്ങൾ കമ്പിവേലി കെട്ടിയിട്ട് നടക്കുക എന്നൊക്കെയുള്ള തരത്തിലുള്ള പോസ്റ്റുകൾ കണ്ടു. എല്ലാ പുരുഷന്മാരും പ്രശ്നക്കാരല്ല, അതുപോലെ എല്ലാ സ്ത്രീകളും പ്രശ്നക്കാരല്ല.

ഈ പ്രശ്നം നടക്കുന്നതിന് രണ്ട് ദിവസം മുൻപാണ് പതിനാറുകാരൻ പീഡിപ്പിച്ചതിന്റെ ഭാഗമായി പതിനാലു വയസ്സുകാരി മരിച്ചത്. ദീപക്കിന്റെ മരിച്ചു എന്നത് ഒട്ടും ചെറിയ കാര്യമല്ല. അവരുടെ കുടുംബത്തിനുണ്ടായ നഷ്ടം ചെറുതല്ല. ഇതൊന്നും ഇനി ആവർത്തിക്കപ്പെടുകയും ചെയ്യരുത്. പക്ഷേ, ഇങ്ങനെ സ്ത്രീകളെ അടച്ചാക്ഷേപിക്കുന്നവരുടെ മുന്നിലേക്കാണ് അച്ഛൻ കാരണവും രണ്ടാനച്ഛൻ കാരണവും ചെറിയച്ഛൻ കാരണവും അമ്മാവൻ കാരണവും സുഹൃത്തുക്കൾ കാരണവും ട്യൂഷൻ പഠിപ്പിക്കുന്ന സാറ് കാരണവും ബസ്സിലും വഴിയരികിലും അതിക്രമത്തിന് ഇരയായ സ്ത്രീകൾ വരേണ്ടത്. 

ചെറിയ കുഞ്ഞുങ്ങളെപ്പോലും വിടാത്ത വൃത്തികെട്ട ഞരമ്പന്മാർ ഈ ലോകത്തുണ്ട്.അറസ്റ്റു ചെയ്യപ്പെട്ട സ്ത്രീയെപ്പോലുള്ളവരെ ബലാത്സംഗം ചെയ്യണമെന്ന് ഒരു ഇൻഫ്ലുവൻസർ പറയുന്നതു കേട്ടു. അവന്റെ ഹോർമോണുകളുടെ അസന്തുലിതാവസ്ഥയാണ് അങ്ങനെ പറയിക്കുന്നത്. എല്ലാ പുരുഷൻമാരുടെയും സ്വകാര്യ ഭാഗം മുറിച്ചുകളയണമെന്ന് ഞങ്ങൾ സ്ത്രീകൾ പറയില്ല. കാര്യങ്ങളെ ജനറലൈസ് ചെയ്ത് സംസാരിക്കുന്നതിന് മുൻപ് ചിന്തിക്കുക.ഞാൻ എന്റെ മോളെ അ‍ഞ്ച് മാസം ഗർഭിണിയായിരിക്കുന്ന സമയത്താണ് എന്റെ ഭർത്താവ് എന്നെ റേപ്പ് ചെയ്തത്. ചിന്തിച്ചതിനു ശേഷം മാത്രം സംസാരിക്കുക. സ്ത്രീകളെ ജനറലൈസ് ചെയ്ത് സംസാരിക്കുന്നതും അടച്ചാക്ഷേപിക്കുന്നതും കാണുമ്പോൾ ബുദ്ധിമുട്ടുണ്ട്.’

ENGLISH SUMMARY:

Sreedevi Gopinath reacts to the Deepak suicide case. She condemns the generalization of women and shares her own experience of marital rape, emphasizing that not all women are the same.