ഒരു ദിവസം പ്രധാനമന്ത്രിയുടെ രണ്ട് പ്രസംഗം പരിഭാഷപ്പെടുത്തുക എന്ന അപൂർവ്വ സൗഭാഗ്യമാണ് തനിക്ക് ഇന്ന് കിട്ടിയതെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. കേന്ദ്ര സർക്കാർ പദ്ധതികളുടെ പ്രഖ്യാപന ചടങ്ങിലും പാർട്ടിയുടെ പ്രവർത്തക സമ്മേളനത്തിലും പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. മോദിജി എന്തു കൊണ്ട് അമാനുഷികൻ ആകുന്നു എന്ന സംശയത്തിന് ഒരു ഉത്തരം കൂടി ഇന്നത്തെ പരിപാടിയിൽ നിന്ന് കിട്ടിയെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'പരിഭാഷ തുടങ്ങി മുപ്പതാം സെക്കൻ്റിൽ മോദിജിയുടെ ഇടപെടൽ. സന്ദീപിൻ്റെ ശബ്ദം സദസിന് നന്നായി കേൾക്കുന്നില്ല എന്നും അത് ശരിയാക്കാൻ മൈക്ക് ഓപ്പറേറ്ററോട് പറയണമെന്നും മോദിജി നിർദ്ദേശിച്ചു. അത്ഭുതത്തോടെ മാത്രമേ അത് അനുസരിക്കാൻ സാധിച്ചുള്ളൂ. എങ്ങനെയാണ് അദ്ദേഹത്തിന് അത് മനസിലായത് എന്ന് ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല. പരിഭാഷ നന്നായി എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉൾപ്പെടെയുള്ള നേതാക്കളും പ്രധാനമന്ത്രിയുടെ ഒഎസ്ഡി അശുതോഷ്ജിയും സുഹൃത്തുക്കളും പറയുമ്പോൾ അഭിമാനവും സന്തോഷമുണ്ട്'. – അദ്ദേഹം കുറിച്ചു. തന്നിൽ വിശ്വാസം അർപ്പിച്ചതിന് പ്രധാനമന്ത്രിക്കും ബിജെപി സംസ്ഥാന അധ്യക്ഷനും നന്ദി അറിയിച്ചുകൊണ്ടാണ് സന്ദീപ് വാചസ്പതി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അതേസമയം, കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്തെത്തി. വിഭജന രാഷ്ട്രീയവും വര്‍ഗീയ വിഷപ്രചാരണവും വിലപ്പോവില്ലെന്നാണ് സതീശന്‍ പ്രതികരിച്ചത്. വര്‍ഗീയ ശക്തികളെ കുഴിച്ചുമൂടാന്‍ യുഡിഎഫ് ഏതറ്റം വരെയും പോകുമെന്നും യുഡിഎഫിന്‍റെ മതേതര കാഴ്ചപ്പാടിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തില്‍ വരാനും ഔദോഗിക പരിപാടികളിലും പാര്‍ട്ടി പരിപാടികളിലും പങ്കെടാക്കാനുമുള്ള എല്ലാ അവകാശവുമുണ്ട്. എന്നാല്‍ മഹാരഥന്മാര്‍ ഇരുന്ന പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്ന് പച്ചയ്ക്ക് വര്‍ഗീയത വിളിച്ചു പറയുന്നത് ആപത്കരമാണ്. അത് ഇന്ത്യയെന്ന മഹനീയമായ ആശയത്തെയും രാജ്യത്തിന്റെ മൂല്യങ്ങളെയും വികലമാക്കുന്നതിന് തുല്യമാണ്.
രാജ്യത്തിന്‍റെ വികസന നേട്ടങ്ങള്‍ ഒന്നും മോദിക്ക് പറയാനില്ല. രാജ്യത്തിന്റെ ഭാവിയെ കുറിച്ചോ കേരളത്തിന്റെ മുന്‍ഗണനാ ക്രമങ്ങളെ കുറിച്ചോ പറയാന്‍ നാവനക്കിയില്ല. പകരം പറയുന്നത് വര്‍ഗീയത മാത്രം. കേരളത്തില്‍ ബി.ജെ.പിയുടേയും സംഘപരിവാറിന്റെയും തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി. പക്ഷെ ഇത് മതേതര കേരളമാണെന്ന് മോദിക്കും ബിജെപിക്കും ഉടന്‍ ബോധ്യമാകും. പല സംസ്ഥാനങ്ങളിലും പയറ്റുന്ന വിഭജന രാഷ്ട്രീയവും വര്‍ഗീയ വിഷ പ്രചരണവും കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ല.കോണ്‍ഗ്രസിന്റേയും ലീഗിന്റെയും യുഡിഎഫിന്റെയും മുന്‍ഗണനാ പട്ടികയില്‍ ആദ്യത്തേത് മതേതരത്വം സംരക്ഷിക്കുക എന്നതാണ്. വര്‍ഗീയ ശക്തികളെ ഈ മണ്ണില്‍ കുഴിച്ചു മൂടാനും മതേതരത്വം സംരക്ഷിക്കാനും ഏതറ്റം വരെയും പോകും. നാല് വോട്ടിന് വേണ്ടിയോ ഒരു തിരഞ്ഞെടുപ്പ് ജയിക്കാനോ വര്‍ഗീയതയെ താലോലിക്കുന്ന നെറികെട്ട നയം കോണ്‍ഗ്രസിനോ യുഡിഎഫിനോ ഇല്ല'- പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.