ശബരിമല ക്ഷേത്രം നടത്തിപ്പുകാര്‍ക്ക് കേസും ജയില്‍വാസവും അനുഭവിക്കേണ്ടി വരും, അതുകൊണ്ടുതന്നെ അതീവ ജാഗ്രത പാലിക്കണം. 2014ല്‍ നടന്ന ശബരിമല ദേവപ്രശ്‌നം നല്‍കിയ പ്രധാന മുന്നറിയിപ്പാണിത്. ഇപ്പോഴിതാ ശബരിമലയിലെ സ്വര്‍ണക്കൊള്ളയിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റുമാരും തന്ത്രിയും ഉൾപ്പടെ അഴിക്കുള്ളിലായതോടെ 11 വർഷം മുമ്പുള്ള ശബരിമല ദേവപ്രശ്‌നം സമൂഹമാധ്യമങ്ങളിലുൾപ്പടെ വീണ്ടും ചർച്ചയാവുകയാണ്.
ക്ഷേത്രം നടത്തിപ്പുകാര്‍ ജയില്‍വാസം അനുഭവിക്കേണ്ടി വരുമെന്ന ദേവപ്രശ്‌നത്തിലെ പ്രവചനമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. കൂറ്റനാട് രാവുണ്ണിപ്പണിക്കര്‍, ചെറുവള്ളി നാരായണന്‍ നമ്പൂതിരി, തൃക്കുന്നപ്പുഴ ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 2014 ജൂണ്‍ 18നാണ് ദേവപ്രശ്‌നം നടന്നത്. 2017ല്‍ ശബരിമലയിലെ കൊടിമരം പുതുക്കി പണിയാനും പതിനെട്ടാം പടിയുടെ സ്ഥാനം മാറ്റാതെ തന്നെ ഭക്തര്‍ക്ക് പിടിച്ചുകയറാന്‍ കൈവരികള്‍ നിര്‍മ്മിക്കാനും അനുമതി നല്‍കിയതും ഈ ദേവപ്രശ്‌നത്തിലൂടെയായിരുന്നു.
ഹിന്ദു വിശ്വാസമനുസരിച്ച് ക്ഷേത്രത്തില്‍ വരുത്താന്‍ പോകുന്ന പരിഷ്‌കാരങ്ങളില്‍ ദേവഹിതം അറിയാനാണ് ദേവപ്രശ്‌നം നടത്തുക. ക്ഷേത്രം നടത്തിപ്പുകാര്‍ സൂക്ഷിക്കണമെന്നും, മാനക്കേട്, ജയില്‍വാസം മുതലായവയ്ക്ക് സാധ്യതയുണ്ടെന്നുമായിരുന്നു ദേവപ്രശ്‌നത്തിലെ പ്രവചനം. ദേവനോട് അടുത്തുനില്‍ക്കുന്ന പുരോഹിതർക്കും ദേവസ്വം ജീവനക്കാർക്കും 2014 നവംബര്‍ ഏഴ് മുതല്‍ രണ്ടരവര്‍ഷം ആപത്ത് കാലമാണെന്നും പ്രശ്‌നത്തില്‍ തെളിഞ്ഞിരുന്നു.
സ്വര്‍ണക്കൊടിമരത്തില്‍ പെയിന്റടിച്ചതും, ശബരിമലയിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ് തിടമ്പ് താഴെ വീണതുമാണ് അന്ന് ദേവപ്രശ്‌നത്തിന് ഇടയാക്കിയത്.