greema-teacher

‘എന്തിനിത് ചെയ്തു എന്നു ചോദിക്കുന്നില്ല, അച്ഛന്‍റേയും അമ്മയുടേയും ലോകമായിരുന്നു ഗ്രീമ. വൈവാഹിക പ്രശ്നങ്ങളുടെ ചുഴിയില്‍പ്പെട്ട മകള്‍ക്ക് താങ്ങായും തണലായും നിന്ന അച്ഛന്‍റെ വേര്‍പാട് കൂടി ആയപ്പോള്‍ താങ്ങാന്‍ കഴിഞ്ഞു കാണില്ല’. തിരുവനന്തപുരം കമലേശ്വരത്ത് ജീവനൊടുക്കിയ സ്വന്തം ശിഷ്യയെ കുറിച്ച് അഞ്ജു പാര്‍വതി പ്രഭീഷിനു പറയാനുള്ളത് ഇതാണ് .

സന്ദീപനി സ്കൂളിലെ ആ പഴയ പത്തു വയസ്സുകാരിയെ മറക്കാനാവില്ലെന്നും ഓപ്പൺ ഹൗസിനെത്തുന്ന രാജീവ് സാറും സജിത ചേച്ചിയും എപ്പോഴും പറഞ്ഞിരുന്നത് അക്കാദമിക് പ്രാധാന്യത്തേക്കാള്‍ മോളുടെ സ്വഭാവരൂപീകരണത്തിനു ശ്രദ്ധ കൊടുക്കണമെന്നുമാണ്, അവളെ ബോള്‍ഡാക്കണമെന്നാണ് . ​ആരോടും പെട്ടെന്ന് കൂട്ടുകൂടുന്ന, കൊച്ചു കാര്യങ്ങൾക്ക് പോലും നിർത്താതെ ചിരിക്കുന്ന ഒരു പാവം കുട്ടിയായിരുന്നു ഗ്രീമ. എട്ടാം ക്ലാസ്സിലെ കൂട്ടുകാർക്കിടയിൽ അവൾ കൂടുതൽ ബോൾഡ് ആയിരുന്നു. എന്നാൽ പത്താം ക്ലാസ്സ് കഴിഞ്ഞതോടെ ജീവിത സാഹചര്യങ്ങൾ മാറി.

കല്യാണസമയത്ത് വിവാഹം ക്ഷണിച്ചെങ്കിലും പങ്കെടുക്കാനായില്ല. എന്നാല്‍ വിവാഹശേഷം അവൾ ഒരു മൗനത്തിലേക്ക് വഴിമാറി. ബാച്ച്മേറ്റ്സ് പലരും കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിട്ടും അവൾ ആരോടും സംസാരിക്കാൻ താല്പര്യം കാണിച്ചിരുന്നില്ല– അഞ്ജു കൂട്ടിച്ചേര്‍ത്തു.

മരണത്തിലും മകൾക്ക് ആ അമ്മ കൂട്ട് പോയിരിക്കുന്നു. അതിൽ ഒരു അത്ഭുതവും ഇല്ല. മകൾ എന്ന ഒറ്റ തുരുത്തിൽ ജീവിച്ച അവർക്ക് അങ്ങനെയല്ലേ കഴിയൂ. ഓർമ്മകളിൽ ചിരിച്ച് കളിച്ച് ഇരിക്കുന്നുണ്ട് എന്‍റെ പ്രിയപ്പെട്ട കുട്ടി. ജനിമൃതികൾക്ക് അപ്പുറത്തെ ആ ലോകത്ത് അച്ഛനൊപ്പം അവളും അമ്മയും സുഖമായിട്ട് ഇരിക്കട്ടെയെന്നും പ്രാര്‍ഥിക്കുകയാണ് ഈ അധ്യാപിക. പിന്നാലെ പെണ്‍കുട്ടികളോടായി അധ്യാപികയുടെ വാക്കുകള്‍ – ‘എന്റെ കുഞ്ഞുങ്ങളെ, വിവാഹം, അതിലെ പ്രശ്നങ്ങൾ, സോഷ്യൽ ജഡ്ജ്മെന്റ് അതൊന്നും ജീവിതത്തിൽ നിന്ന് ഇറങ്ങി പോകേണ്ട കാരണമേ അല്ല.

നമ്മളെ വേണ്ടാത്ത ഇടങ്ങളിൽ നിന്ന് സന്തോഷത്തോടെ റ്റാ റ്റാ ബൈ ബൈ പറഞ്ഞിട്ട് ഇറങ്ങി നടക്കുക മുന്നോട്ട്. ആ ഇടം നിങ്ങൾക്ക് യോജിക്കാത്തത് നിങ്ങടെ തെറ്റല്ല. മറിച്ച് നിങ്ങളെപോലൊരു ആളെ ആ ഇടം അർഹിക്കുന്നില്ല എന്നത് മാത്രമാണ്. എത്രയോ വർഷങ്ങൾ സന്തോഷത്തോടെ ഈ ഭൂമിയിൽ ചിരിച്ച് കളിച്ച് ജീവിക്കേണ്ടിയിരുന്ന അമ്മയും മകളുമാണ്. ഏതോ ഒരു കഴിവ് കെട്ടവന് വേണ്ടി വെറുതെ ഹോമിച്ചു കളഞ്ഞു ജീവിതം– എന്നു പറഞ്ഞുകൊണ്ടാണ് ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്

 
ENGLISH SUMMARY:

Greema's suicide in Thiruvananthapuram has sparked widespread grief. The teacher's poignant Facebook post reflects on the tragic loss and highlights the importance of seeking help and support in difficult times.