ഗൃഹസന്ദർശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെച്ച സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയെ പരിഹസിച്ചുള്ള ട്രോളുകളും പോസ്റ്റുകളും നിറയുകയാണ് സമൂഹമാധ്യമങ്ങളില്‍. കൊടുങ്ങല്ലൂരില്‍ ഗൃഹസമ്പർക്കം നടത്തുന്നതിനിടെയാണ് താന്‍ കഴിച്ച ഭക്ഷണപാത്രം ആ വീട്ടിലെ അടുക്കളയില്‍ പോയി എംഎ ബേബി കഴുകി വച്ചത്. പിന്നാലെ ഇലക്ഷന്‍ കാലത്തെ പ്രഹസനം എന്ന് പറഞ്ഞാണ് എതിര്‍ പക്ഷത്തും നിന്നുള്‍പ്പെടെ പരിഹാസങ്ങള്‍ വന്നത്.
എന്നാല്‍ ഇതിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇടതുമന്ത്രിമാരുള്‍പ്പെടെയുള്ളവര്‍. ബേബി സഖാവിനെ അറിയാത്തവര്‍ക്ക് ഇതൊരു പുതിയ കാര്യമായിരിക്കുമെന്നും അറിയുന്നവർക്ക് സഖാവിന്റെ ഈ രീതി അറിയാമെന്നുമാണ് മറുപടി. ഒപ്പം എം.എ.ബേബി മുന്‍പും പല ഇടങ്ങളിലും താന്‍ കഴിച്ച പാത്രം കഴുകിവക്കുന്ന ചിത്രങ്ങളും വ്യാപകമായി ഇടതുപ്രൊഫൈലുകള്‍ പങ്കുവക്കുന്നുണ്ട്.
2013ല്‍ തന്റെ വീടിന്റെ പാലുകാച്ചല്‍ കഴിഞ്ഞതിനടുത്ത ദിവസം വന്ന ബേബി താൻ ആഹാരം കഴിച്ച പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്ന ചിത്രങ്ങള്‍ ധനു പ്രസാദ് കുറുമ്പേലില്‍ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവച്ചിട്ടുണ്ട്. കഴിച്ച പാത്രം കഴുകി വക്കുക എന്നത് എല്ലാവർക്കും ശീലിക്കാൻ പറ്റിയ നല്ലൊരു കാര്യമാണെന്നും ഇതൊക്കെ സ്ത്രീകളുടെ മാത്രം ജോലിയാണെന്ന് വിശ്വസിച്ചിരിക്കുന്നവർക്ക് ഇതൊക്കെ ഇലക്ഷൻ സ്റ്റണ്ടാണെന്ന് പറഞ്ഞു ട്രോളാമെന്നും പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പം ധനുപ്രസാദ് കുറിച്ചു.
സഖാവ് എം.എ.ബേബിയുമായി പലപ്പോഴും ഒരുമിച്ചു ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും അപ്പോഴെല്ലാം ആ വീട്ടിലുള്ളവരെക്കൊണ്ട്, ഭക്ഷണം കഴിക്കാനുപയോഗിച്ച പാത്രം അദ്ദേഹം കഴുകിച്ചിട്ടില്ലെന്നുമാണ് എ.എ.റഹീം എംപി കുറിച്ചത്. കഴിച്ച പാത്രം സ്വയം കഴുകി വയ്ക്കുന്നത് അദ്ദേഹത്തിന് തികച്ചും സ്വഭാവികമായ ഒരു കാര്യം മാത്രമാണ്. വീട്ടിൽ പാത്രം കഴുകുന്നതും, അടുക്കളയിൽ ജോലി ചെയ്യുന്നതും സ്ത്രീകളുടെ മാത്രം ജോലിയാണെന്ന് കരുതിപ്പോകുന്ന പിന്തിരിപ്പൻ മാനസിക അവസ്ഥയാണ് ഈ വിമർശിക്കുന്നവർക്കുള്ളത്. ആ മാനസികാവസ്ഥയുടെ മറ്റൊരു പേരാണ് വലത് എന്നും റഹീം കുറിച്ചു.
എം.എ ബേബിയെ പരിഹസിക്കുന്നതിന് പിന്നിലുള്ളവരുടെ സാംസ്കാരിക ശൂന്യതയും ഫ്യൂഡൽ മനോഭാവവുമാണ് ഇതിലൂടെ വെളിച്ചത്തുവരുന്നതെന്നാണ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞത്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ കാര്യമല്ല. ഡൽഹിയിലെ എ.കെ.ജി ഭവനിലായാലും തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിലായാലും മറ്റേത് ജില്ലാ കമ്മിറ്റി ഓഫീസിലായാലും, ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകി വെക്കുക എന്നത് ഞങ്ങളുടെ രീതിയും ശീലവുമാണെന്ന് മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
തൊണ്ണൂറുകളിൽ, നാലഞ്ച് വർഷം ബേബി സഖാവിന്റെ വീട്ടിലെ നിത്യ സന്ദർശക ആയിരുന്ന കാലത്തേ കണ്ടിട്ടുള്ളതാണെന്നും ഞങ്ങളുടെ വീട്ടിൽ വന്നാലും ഭക്ഷണം കഴിച്ചാൽ സ്വയം പാത്രം കഴുകുകയും അങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞുതരികയും ചെയ്യുമെന്നും മന്ത്രി ആര്‍.ബിന്ദു കുറിച്ചു.