Image credit: facebook/Sujil Chandra Bose

സമാധാനമായി യാത്ര ചെയ്യാന്‍ ഇഷ്ടമില്ലാത്ത ആരാണുള്ളത്? വന്ദേഭാരത് പോലുള്ള പ്രീമിയം ട്രെയിനുകള്‍ യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നതുതന്നെ അതിനാണ്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വിന്‍ഡോ സീറ്റ് തിര‍ഞ്ഞെടുക്കുന്നതും ഇതുപോലെ തന്നെയാണ്. എന്നാല്‍ ബുക്ക് ചെയ്ത വിന്‍ഡോ സീറ്റില്‍ മറ്റുള്ളവര്‍ കയറി ഇരിക്കുകയും ചോദ്യംചെയ്താല്‍ ബഹളം വയ്ക്കുകയും ചെയ്യുന്നത് പലപ്പോഴും വാര്‍ത്തയാകാറുണ്ട്. അത്യാവശ്യ യാത്രയ്ക്കായി വന്ദേഭാരതില്‍ വിന്‍ഡോ സീറ്റ് ബുക്ക് ചെയ്ത് സഞ്ചരിച്ച യാത്രക്കാരനുണ്ടായ ദുരനുഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി.

സുജില്‍ ചന്ദ്രബോസ് ഞായറാഴ്ചയാണ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകാന്‍ വന്ദേഭാരതില്‍ കയറിയത്. ബുക്ക് ചെയ്ത വിന്‍ഡോ സീറ്റിനരികില്‍ എത്തിയപ്പോള്‍ രണ്ട് മക്കളോടൊപ്പം വന്ന സ്ത്രീ ആ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സീറ്റ് ബുക്ക് ചെയ്തതാണെന്നും മാറിയിരിക്കാന്‍ കഴിയില്ലെന്നും സുജില്‍ പറഞ്ഞു. അതോടെ സ്ത്രീ പ്രകോപിതയായി. ‘എന്നാല്‍ പിന്നെ ചേട്ടന്‍ അനുഭവിച്ചോ...’ എന്നായി ഭീഷണി. തങ്ങള്‍ ആദ്യമായല്ല ട്രെയിനില്‍ യാത്ര ചെയ്യുന്നതെന്നും കുടുംബമായത് കൊണ്ട് ഒന്നിച്ചിരിക്കണമെന്നും അവര്‍ പറഞ്ഞു. 

യാത്ര തുടങ്ങി അല്‍പം കഴിഞ്ഞപ്പോള്‍ സ്ത്രീയ്ക്കൊപ്പമുണ്ടായിരുന്ന കുട്ടി സീറ്റിന് മുന്നില്‍ ആഹാരം വയ്ക്കുന്ന ട്രേയില്‍ കയറി നിന്നു. ഇത് കാര്യമാക്കിയില്ല. എന്നാല്‍ കുട്ടി വായിലുണ്ടായിരുന്ന വെള്ളം മുന്‍സീറ്റില്‍ ഇരുന്നവരുടെ മേല്‍ ചീറ്റി. അവിടെ ഇരുന്ന മറ്റ് രണ്ട് കുട്ടികള്‍ എണീറ്റുവന്ന് ആ സ്ത്രീയോട് പരാതിപ്പെട്ടു. കുട്ടിയെ ഇറക്കിനിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അവര്‍ ഗൗനിച്ചില്ല. കുട്ടികളോട് സോറി പറയാന്‍ പോലും തയാറായില്ലെന്നും സുജില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

‘കുട്ടി മറ്റു യാത്രക്കാരെ ശല്യപ്പെടുത്തുന്നത് തുടരുമ്പോള്‍ യുവതി മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ടുകൊണ്ടിരുന്നു. അതും വോള്യം ഉച്ചത്തില്‍ വച്ച്. അല്‍പനേരം കഴിഞ്ഞ് അവര്‍ കുട്ടിയുടെ പാന്‍റ്സ് അഴിച്ച് ഡയപ്പര്‍ ഊരി ട്രെയിനില്‍ത്തന്നെ നിലത്തിട്ടു. അതോടെ എന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു.’ അവര്‍ക്കൊപ്പമുണ്ടായിരുന്ന മകള്‍ ഡയപ്പര്‍ എടുത്തുമാറ്റണോ എന്ന് ചോദിച്ചപ്പോള്‍ അത് ട്രെയിനിലെ ക്ലീനിങ് സ്റ്റാഫ് എടുത്തുകൊള്ളുമെന്ന് യുവതി മറുപടി നല്‍കി. 

ട്രെയിന്‍ കൊല്ലം എത്തിയപ്പോള്‍ വിന്‍ഡോ സീറ്റ് ഉപേക്ഷിച്ച് അവിടെ നിന്ന് മാറി. സീറ്റില്‍ നിന്നിറങ്ങുന്ന നേരത്തും ഇവര്‍ മോശമായ പെരുമാറ്റം തുടര്‍ന്നുവെന്ന് സുജില്‍ മനോരമന്യൂസിനോട് പറഞ്ഞു. യാത്രയ്ക്കിടയിലെ ദുരനുഭവത്തെക്കുറിച്ച് റെയില്‍വേയ്ക്ക് പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. പൊതുഗതാഗത സൗകര്യം ഉപയോഗിക്കുമ്പോള്‍ അല്‍പംകൂടി മാന്യമായി പെരുമാറാന്‍ ആളുകള്‍ ശ്രദ്ധിക്കണമെന്നും കുറിപ്പില്‍ പറയുന്നു. 

ട്രെയിന്‍ യാത്രയ്ക്കിടെ നേരിടേണ്ടി വന്ന സമാന അനുഭവങ്ങള്‍ വിവരിച്ച് ഒട്ടേറെപ്പോര്‍ സുജിലിന്‍റെ പോസ്റ്റില്‍ കമന്‍റ് ചെയ്തു. ഇത്തരം പ്രശ്നക്കാര്‍ക്ക് പിഴയീടാക്കണമെന്നും വിമാനങ്ങളിലേതുപോലെ യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്നും ചിലര്‍ കുറിച്ചു. എല്ലാ കോച്ചിലും ക്യാമറ സ്ഥാപിക്കണം എന്നാണ് മറ്റൊരു നിര്‍ദേശം. സമ്പൂര്‍ണ സാക്ഷരതയും സാമൂഹ്യ പുരോഗതിയുമൊക്കെ അവകാശപ്പെടുമ്പോഴും സാമാന്യബോധവും സിവിക് സെന്‍സും ഇല്ലാത്ത പലരുമുണ്ടെന്ന് വിമര്‍ശിക്കുന്നവരും ഏറെ.

ENGLISH SUMMARY:

A viral social media post by passenger Sujil Chandrabose has exposed a shocking instance of bad behavior on the Kochi-Thiruvananthapuram Vande Bharat Express. Sujil detailed how a woman, traveling with her two children, harassed him after he refused to give up his pre-booked window seat. According to the post, the woman retaliated by letting her child misbehave, playing loud music, and eventually dropping a used diaper on the train floor, claiming cleaning staff would pick it up. Despite complaints from other passengers about the child spitting and shouting, the mother allegedly remained indifferent and continued to use her phone loudly. Sujil expressed frustration over the lack of immediate response from railway authorities when he tried to report the nuisance. The incident has sparked a massive debate online about the lack of basic civic sense among some high-end train commuters in Kerala. Many users are demanding strict fines and even travel bans for such passengers to ensure a peaceful travel experience for others. This highlights the growing need for enhanced surveillance and stricter enforcement of railway conduct rules in premium trains like Vande Bharat.