ബസിൽ മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവം വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളുടെ ദുരുപയോഗമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി ഷംന കാസിം.
ദുഷിപ്പും അറപ്പും നിറഞ്ഞ സോഷ്യൽ മീഡിയ കാലത്തിന്റെയും വിധിയെഴുത്തുകളുടെയും ഇരയാണ് ദീപക്കെന്നും. സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാനം ഭയന്നു യുവാവ് ജീവനൊടുക്കിയ ദീപക് കേരള മനഃസാക്ഷിയെ ഒന്നാകെ വേദനിപ്പിക്കുകയാണെന്നും ഷംന പറയുന്നു.ഒരു തെറ്റായ ആരോപണം, ഒരു ജീവിതം തകർക്കാമെന്നതിന്റെ തെളിവാണ് ദീപകിന്റെ ആത്മഹത്യയെന്ന് ഷംന കുറിക്കുന്നു. ഇൻസ്റ്റഗ്രാമിലാണ് ഷംന കുറിപ്പ് പങ്കുവച്ചത്.
ഷംനയുടെ കുറിപ്പ്
സ്ത്രീകളെ ഉപദ്രവിക്കുന്നവർ ഉണ്ടെങ്കിലും, അതിനെ നേരിടാൻ നിയമവഴികൾ നമ്മുക്ക് ലഭ്യമാണ്. കേരളത്തിൽ, നിങ്ങൾക്ക് ബസിൽ തന്നെ പോലീസ്സ്റ്റേഷനിലേക്ക് വിടാൻ ആവശ്യപ്പെടാം. ഒരു തെറ്റായ ആരോപണം, ഒരു ജീവിതം തകർക്കാം ആ അച്ഛന്റെയും അമ്മയുടെയും കരച്ചിൽ ഒരിക്കലും നിർത്താനാവാത്ത വേദനയാണ്. ഞാൻ കണ്ട വീഡിയോയിൽ, ആ യുവാവ് തെറ്റുകാരനായി എനിക്ക് തോന്നുന്നില്ല.ഇനി ഒരാളും ഇത്തരമൊരു അവസ്ഥ അനുഭവിക്കേണ്ടി വരാതിരിക്കട്ടെ. പ്രിയ ദീപക്, മാപ്പ്.അമ്മേ… അച്ചാ… മാപ്പ്.