സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. ചില യുവതികൾ പണം സമ്പാദിക്കാനായി മാത്രം ലക്ഷ്യമിട്ട് സബ്സ്ക്രൈബ് ചെയ്യിക്കാനായി നടക്കുന്നുവെന്നാണ് പണ്ഡിറ്റിന്റെ ആരോപണം. നിങ്ങൾ കഷ്‌ടപ്പെട്ട് ഉണ്ടാക്കുന്ന പണം ഈ ലൈവിന്റെ മറവിൽ അടിച്ചു മാറ്റുകയാണ് പലരുടെയും ഉദ്ദേശമെന്നും കോടികളുടെ വീട്, ലക്ഷങ്ങളുടെ കാർ വാങ്ങുക, ലാവിഷായി ജീവിക്കുക എന്നിവയാണ് ലക്ഷ്യമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു.ദീപക് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബസ്സിനുള്ളിൽ വച്ച് ദീപക് മനഃപൂർവം തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്ന് ആരോപിച്ചാണ് യുവതി സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പങ്കുവച്ചത്.
വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതേത്തുടർന്ന് ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. നാട്ടിലും വീട്ടിലും ഇത്തരത്തിലൊന്നും ആരോപണം കേൾക്കാത്ത വ്യക്തിയായിരുന്നു ദീപക് എന്നും ഇവർ പറഞ്ഞു. രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് അമ്മയും അച്ഛനും ചില നാട്ടുകാരുടെ സഹായത്തോടെ വാതിൽ തുറന്നു നോക്കിയപ്പോഴാണ് ദീപക്കിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.