ക്ഷേത്രോത്സവത്തിനിടെ ആർഎസ്എസ് ഗണഗീതം പാടിയതു നിർത്തിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ. കണ്ണൂര്‍ കണ്ണാടിപ്പറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രം പ്രതിഷ്ഠാ ദിന മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ രാത്രി ഗാനമേളയ്ക്കിടെ ഗണഗീതം പാടിയപ്പോഴാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഇടപെട്ടത്. തൃശൂരിൽനിന്നുള്ള ഗായകസംഘമാണ് ഗണഗീതം പാടിയത്
പാട്ട് പാടുന്നതിനിടെ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേജിൽ കയറി പാട്ട് നിർത്തണമെന്നാവശ്യപ്പെട്ടു. ഒരാൾ സ്റ്റേജിൽനിന്ന് ഇറങ്ങിയെങ്കിലും രണ്ടാമത്തെ ആൾ പാട്ട് നിർത്തണമെന്ന ആവശ്യവുമായി ഗായകന്റെ അടുത്ത് നിൽക്കുകയായിരുന്നു. ഇതോടെ മറ്റു ചിലർ എത്തി ഇയാളെ സ്റ്റേജിൽനിന്നു പിടിച്ചു മാറ്റി. ഉന്തും തള്ളുമായതോടെ പാട്ട് നിർത്തിവച്ചു.
പരിപാടിക്കിടെ സദസ്സിൽനിന്നുള്ള ആവശ്യപ്രകാരം ഗായകസംഘം ഗണഗീതം ആലപിക്കുകയായിരുന്നുവെന്നാണ് വിവരം. പാട്ട് തടയാൻ ശ്രമിച്ച സിപിഎം പ്രവർത്തകരെ ബിജെപി-ആർഎസ്എസ് പ്രവർത്തകർ മർദിച്ചുവെന്നും ആരോപണമുണ്ട്.