ബസ് യാത്രയ്ക്കിടെയുണ്ടായ ലൈംഗിക അതിക്രമം വിഡിയോയിൽ പകർത്തി പ്രതികരിച്ച പെൺകുട്ടിക്ക് പിന്തുണയുമായി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കൽ. പ്രതികരിക്കുന്ന സ്ത്രീകൾക്കെതിരെ  സൈബർ ആക്രമണം നടത്തി തെറി വിളിച്ച് വാ അടപ്പിക്കാൻ നോക്കേണ്ട. പെണ്‍കുട്ടി പകര്‍ത്തിയ വിഡിയോയിൽ ‌ഷോൾഡർ ഉപയോഗിച്ച് തട്ടുന്നത് വ്യക്തമായി കാണാമെന്നും ശ്രീലക്ഷ്മി പറഞ്ഞു.

അമ്മയോടും അച്ഛനോടും പറഞ്ഞിട്ടല്ല ബസിൽ ആണുങ്ങൾ മുട്ടാൻ വരുന്നത്. മിക്ക അമ്മക്കും അച്ഛനും അവരുടെ മക്കൾ തെറ്റ് ചെയ്യാത്ത നല്ലവർ ആയിരിക്കും. പെണ്ണുങ്ങളെ കേറി പിടിക്കുന്നവന്മാർ കുടുംബം നോക്കുന്നവരും നാട്ടുകാരുടെ മുന്നിൽ സല്‍പുത്രനും ആയിരിക്കും. കുട്ടികളെ ഉപദ്രവിക്കുന്ന ആൾക്കാരെയൊക്കെ എടുത്തു നോക്കിയാൽ കുടുംബത്തിലും സമൂഹത്തിലും മാന്യന്മാർ ആയിരിക്കും. അതുകൊണ്ട് ആത്മഹത്യ ഒരാളെയും വിശുദ്ധൻ ആക്കുന്നില്ല എന്നും ശ്രീലക്ഷി ഫെയ്സ്‌ബുക്കിൽ കുറിച്ചു.

ശ്രീലക്ഷ്മിയുടെ പോസ്റ്റുകൾക്കെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്. ഒരു ജീവൻ നഷ്ടപ്പെട്ടിട്ടും പെൺകുട്ടിയെ ന്യായീകരിക്കുന്നത് ശരിയല്ല. ഒരു ക്രൈം നടന്നാൽ അത് തെളിവ് ശേഖരിച്ചു പൊലീസ് സ്റ്റേഷനിൽ സമർപ്പിക്കേണ്ടതിനു പകരം സോഷ്യൽ മീഡിയയിൽ ഇട്ട് തേജോവധം ചെയ്യാൻ അധികാരം ഉണ്ടോ എന്നും കമന്റുകളുണ്ട്. ഒപ്പം വലിയ രീതിയിലുള്ള സൈബർ ആക്രമണവും ശ്രീലക്ഷ്മിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. 

അതേസമയം പ്രതികരിക്കുന്ന സ്ത്രീക്ക് എതിരെ കേസ് എടുക്കരുത്, കാലാകാലങ്ങൾ ആയി ബസിൽ നടക്കുന്ന അതിക്രമങ്ങൾക്ക് എതിരെ ഇപ്പോഴാണ് സ്ത്രീകൾ പ്രതികരിച്ച് തുടങ്ങിയത്. അതും ഒരു ശതമാനം പോലും ആളുകൾ എക്സ്പോസ് ആകുന്നില്ല. അതുകൊണ്ട് തന്നെ പ്രതികരിച്ച ആ സ്ത്രീക്ക് എതിരെ ഒരിക്കലും കേസ് എടുക്കരുത് എന്ന് തന്നെയാണ് ശ്രീലക്ഷ്മിയുടെ വാദം.  

ENGLISH SUMMARY:

Sreelakshmi Arackal supports the girl who recorded and reacted to the sexual harassment during a bus journey. This incident highlights the ongoing issue of sexual harassment faced by women in public spaces and the subsequent cyber attacks they endure for speaking out.