നടനും സംവിധായകനുമായ ധനുഷും നടി മൃണാള്‍ ഠാക്കൂറും വിവാഹിതരാകുന്നു എന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഇരുവര്‍ക്കെതിരെയും വലിയ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇരുവരെയും നിറത്തിന്‍റെയും ശാരീരിക ഘടനയുടെയും പേരില്‍ അവഹേളിച്ചുകൊണ്ടാണ് ആക്രമണം.
ധനുഷ് കറുത്ത് മെലിഞ്ഞിട്ടാണ് എന്തിനാണ് ഇങ്ങനെ ഒരാളെ മൃണാള്‍ തിരഞ്ഞെടുത്തത് എന്നാണ് ചിലരുടെ ചോദ്യം. ഇതിന് ചിലര്‍ സ്വയം മെനഞ്ഞെടുത്ത ഉത്തരങ്ങളും നല്‍കുന്നുണ്ട്. പണമുണ്ടെങ്കില്‍ നിറവും ആരോഗ്യവും ശാരീരിക ഘടനയുമൊന്നും ഒരു പ്രശ്നമല്ലെന്നാണ് ഇത്തരക്കാരുടെ കണ്ടെത്തല്‍. ധനുഷിന്‍റെ പണം കണ്ടാണ് മൃണാളിന്‍റെ സ്നേഹമെന്നും ഇക്കൂട്ടര്‍ പറയുന്നു. ഇരുവര്‍ക്കും ജനിക്കാനിരിക്കുന്ന കുഞ്ഞിന്‍റെ നിറമെന്തായിരിക്കും എന്ന് പ്രവചിക്കുന്നവരെയും കമന്‍റ് ബോക്സുകളില്‍ കാണാം. ഇന്നത്തെ പെണ്‍കുട്ടികളുടെ സെലക്ഷന്‍ പോരെന്നും പണത്തിന് വേണ്ടി അവര്‍ എന്തിനും തയാറാണെന്നുമൊക്കെ കമന്‍റുകളുണ്ട്.
ഇതാദ്യമായല്ല ഇരുവരുടെയും ബന്ധത്തെ പറ്റി അഭ്യൂഹങ്ങള്‍ പരക്കുന്നത്. ധനുഷും മൃണാളും ഒന്നിച്ച് വിവിധ പരിപാടികളില്‍ പങ്കെടുത്തതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ തുടങ്ങിയത്. സണ്‍ ഓഫ് സര്‍ദാര്‍ 2 വിന്‍റെ പ്രീമിയര്‍ ഷോയ്ക്കിടെയുള്ള ഇരുവരും ഒന്നിച്ചുള്ള വിഡിയോ പ്രചരിച്ചിരുന്നു. ധനുഷും മൃണാളും അടുത്തുവെന്നും പ്രണയത്തിലാണെന്നും പിന്നാലെ വാര്‍ത്തകളുണ്ടായി. എന്നാല്‍ താരങ്ങളുമായി അടുത്ത വൃത്തങ്ങൾ വാര്‍ത്ത തള്ളിയിരുന്നു. റിപ്പോർട്ടുകളിൽ യാതൊരു സത്യവുമില്ലെന്നും മൃണാൽ അടുത്ത മാസം വിവാഹം കഴിക്കുന്നില്ലെന്നുമായിരുന്നു പ്രതികരണം.