Image: X/ @cosmorxn

അയര്‍ലന്‍ഡിലെ ഗാല്‍വേ സര്‍വകലാശാലയിലെ ഫുഡ് ബാങ്കിനു മുന്നില്‍ ക്യൂ നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ചിത്രം പുറത്തുവന്നതോടെ ഇന്ത്യക്കാര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വംശീയ അധിക്ഷേപം ഉയരുന്നു. ഐറിഷ് ടൈംസ് ആണ് ഈ ചിത്രം പുറത്തുവിട്ടത്. ക്യൂവില്‍ നില്‍ക്കുന്നവരില്‍ 90 ശതമാനവും ഇന്ത്യന്‍ വിദ്യാര്‍ഥികളാണെന്നും സേവനങ്ങളെ ചൂഷണം ചെയ്യുന്നവരാണ് ഇന്ത്യക്കാരെന്നും വിമര്‍ശനം ഉയരുന്നുണ്ട്. 

എന്നാല്‍ രാജ്യത്തിന്റെ വികസനത്തില്‍ ഇന്ത്യക്കാരുടെ പങ്ക് മികച്ചതാണെന്നും ഇത്തരം സൈബറാക്രമണങ്ങളേയും വംശീയ അധിക്ഷേപങ്ങളേയും കടുത്ത ഭാഷയില്‍ അപലപിക്കുന്നുവെന്നും ഐറിഷ് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെത്തുടര്‍ന്ന് അയർലൻഡിലെ ഇന്ത്യൻ എംബസി സുരക്ഷാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 5.36 കോടി രൂപയുടെ ഭക്ഷണമാണ് ഈ ഫുഡ് ബാങ്ക് വഴി കഴിഞ്ഞ വര്‍ഷം വിറ്റുപോയിരിക്കുന്നത്. എങ്കിലും നിലവിലെ അവസ്ഥയില്‍ നൂറോളം വിദ്യാര്‍ഥികളെ തിരിച്ചയക്കേണ്ട സാഹചര്യവും ഫുഡ് ബാങ്കിലുണ്ടെന്നാണ് വിവരം. 

അതേസമയം അയര്‍ലന്‍ഡിലെ വര്‍ധിച്ചുവരുന്ന ജീവിതച്ചിലവും വാടകയുമാണ് വിദ്യാര്‍ഥികളെ ഫുഡ് ബാങ്കുകളെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെ പല മേഖലകളിലായി ഏകദേശം ഒന്നര ലക്ഷത്തോളം ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ് സര്‍ക്കാരടക്കം ഈ വംശീയ അധിക്ഷേപങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. 

ഈ ക്യൂവിലുള്ളതെല്ലാം വിദേശ വിദ്യാര്‍ഥികളാണോ, വിദേശ വിദ്യാര്‍ഥികള്‍ സ്വന്തം കാലില്‍ നില്‍ക്കേണ്ടവരല്ലേയെന്ന ചോദ്യവും ഇന്ത്യക്കാരുടെ സ്വഭാവമാണിതെന്നും എക്സില്‍ കമന്റുകള്‍ നിറയുന്നു. കിട്ടുന്ന പണം സമ്പാദ്യത്തിലേക്ക് മാറ്റാനാണ് ഇന്ത്യക്കാര്‍ ഫുഡ് ബാങ്കിനെ ആശ്രയിക്കുന്നതെന്നും ഒരാള്‍ പറയുന്നു. അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അധിക്ഷേപങ്ങളിലും ആക്രമണങ്ങളിലും കഴിഞ്ഞ മാസം ഇന്ത്യന്‍ എംബസിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. 

Irish Food Bank Queue Sparks Racial Abuse Against Indian Students:

Indian students in Ireland are facing racial abuse online following a viral image of them queuing at a food bank in Galway. This incident highlights growing concerns over the cost of living and the challenges faced by international students in the country.