നാടിനെ ഒന്നടങ്കം നടുക്കിയ കൊലപാതകം. കണ്ണൂരില്‍ ഒന്നരവയസുകാരന്‍ വിയാനെ അമ്മ കൊലപ്പെടുത്തിയത് കടല്‍ഭിത്തിയിലെറിഞ്ഞ്. കാമുകനൊപ്പം ജീവിക്കാന്‍ ശരണ്യ എന്ന യുവതി തിരഞ്ഞെടുത്ത മാര്‍ഗമായിരുന്നു മകനെ ഇല്ലാതാക്കുക എന്നത്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകം. മകന്‍റെ കൊല ഭര്‍ത്താവിന് മേല്‍ കെട്ടിവച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തെളിവുകളെല്ലാം ശരണ്യക്ക് എതിരായി. അതില്‍ പ്രധാനപ്പെട്ട തെളിവായി പറയപ്പെടുന്നത് ശരണ്യയുടെ ചെരുപ്പായിരുന്നു. കൊലപാതകശ്രമത്തിനിടിയില്‍ പാറയില്‍ കുടുങ്ങിയ ശരണ്യയുടെ ചെരുപ്പ് അന്വേഷണസംഘത്തിന് ലഭിച്ചതും ശക്തമായ തെളിവായി മാറി.
2020 ഫെബ്രുവരി 17നായിരുന്നു നാടിനെ ഒന്നടങ്കം നടുക്കിയ ക്രൂരകൃത്യം കണ്ണൂര്‍ തയ്യില്‍ നടന്നത്. ഭര്‍ത്താവിന്‍റെ സുഹൃത്ത് നിധിനുമായുളള സൗഹൃദം പ്രണയമായി. ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്ന ശരണ്യയ്ക്ക് കാമുകനൊപ്പം ജീവിക്കുന്നതില്‍ ആകെയുളള തടസം മകന്‍ ഒന്നരവയസുകാരന്‍ വിയാനായിരുന്നു. കൃത്യമായ ആസൂത്രണത്തിനൊടുവില്‍ ഭര്‍ത്താവിനെ വിളിച്ചുവരുത്തി, അന്ന് രാത്രി തന്നെ ശരണ്യ കൃത്യം നടത്തി. ഭര്‍ത്താവിനൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ പാലുകൊടുക്കാനെന്ന വ്യാജേന വീടിന് പുറത്തേയ്ക്ക് എടുത്ത് കൊണ്ടുപോകുന്നു.
പിന്നാലെ കടലിലേക്ക് ആഞ്ഞൊരേറ്. കടല്‍ഭിത്തിയില്‍ ചെന്നിടിച്ച് വീണ കുഞ്ഞ് കരയാന്‍ തുടങ്ങിയതോടെ വീണ്ടുമെടുത്ത് രണ്ടാമത് കടല്‍ ലക്ഷ്യമാക്കി എറിഞ്ഞു. പിന്നീട് ഒന്നും സംഭവിക്കാത്ത പോലെ തിരികെ വീട്ടിലേക്ക്. കുഞ്ഞിനെ കാണാതായതോടെ അച്ഛൻ പ്രണവ് പൊലീസില്‍ പരാതി നല്‍കി. കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെ സംശയം കുടുംബത്തിലേക്ക് തന്നെ തിരിഞ്ഞു. പ്രണവിനെതിരെ ശരണ്യയടക്കം കൊലപാതകക്കുറ്റം ആരോപിച്ചു. ശരണ്യയില്‍ സംശയമുണ്ടെന്ന് പ്രണവും പൊലീസിനോട് പറഞ്ഞതോടെ ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു.
ഇതോടെ ശരണ്യയുടെ ക്രൂരത പുറംലോകമറിഞ്ഞു. കാമുകനൊപ്പം ജീവിക്കാനാണ് കൃത്യം ചെയ്തതെന്ന് ശരണ്യ സമ്മതിച്ചു. ശരണ്യയുടെ ചെരുപ്പ് സംഭവസ്ഥലത്തെ പാറക്കെടുകള്‍ക്കിടയില്‍ നിന്ന് പൊലീസിന് ലഭിച്ചത് വഴിത്തിരിവായി. ശരണ്യയ്ക്കൊപ്പം കാമുകന്‍ നിധിനെയും പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തു. കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കെ ശരണ്യ എലി വിഷം കഴിച്ച് ആത്മഹത്യയ്ക്കും ശ്രമം നടത്തി. അവസാനം ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം കേസില്‍ ശരണ്യ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. കാമുകന്‍ നിധിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. ഇനി അറിയേണ്ടത് ശിക്ഷാവിധി മാത്രമാണ്. ഒന്നരവയസുകാരന്‍ മകനെ നിഷ്ഠൂരം കടലിലെറിഞ്ഞ് കൊന്ന ശരണ്യയ്ക്ക് കോടതി എന്തുശിക്ഷയാണ് വിധിക്കുകയെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് കേരളം.