ദേശീയ അന്വേഷണ ഏജന്‍സിയുടെ ഡപ്യൂട്ടി ലീഗല്‍ അഡ്വൈസറായി മലയാളി. എന്‍ഐഎ കൊച്ചി യൂണിറ്റിലെ സീനിയർ പബ്ലിക് പ്രോസിക്യൂട്ടര്‍ അര്‍ജുന്‍ അമ്പലപ്പറ്റയാണ് നിര്‍ണായകപദവിയിലെത്തുന്നത്. എന്‍ഐഎ ഹെഡ്‍ക്വാര്‍ട്ടേഴ്സില്‍ ഡപ്യൂട്ടി ലീഗല്‍ അഡ്വൈസറുടെ കസേരയില്‍ എത്തുന്ന ആദ്യമലയാളി കൂടിയാണ് അഡ്വക്കറ്റ് അര്‍ജുന്‍. ഭീകരവാദ കേസുകളില്‍ നൂറുശതമാനം ശിക്ഷാവിധി ഉറപ്പാക്കിയ റെക്കോര്‍ഡോടെയാണ് അര്‍ജുന്‍റെ സ്ഥാനക്കയറ്റം.
ഐഎസ്, ലഷ്കറെ തയിബ, ഇന്ത്യൻ മുജാഹിദീൻ, മാവോയിസ്റ്റ് ശൃംഖലകൾ എന്നിവയുമായി ബന്ധപ്പെട്ട അതീവഗൗരവതരമായ കേസുകളുടെ പ്രോസിക്യൂഷന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. കൈവെട്ടുകേസ്, വാഗമണ്‍ സിമി ക്യാംപ്, പോപ്പുലര്‍ ഫ്രണ്ട് കേസുകള്‍ തുടങ്ങിയവയിലും എന്‍ഐഎയ്ക്കുവേണ്ടി ഹാജരായിരുന്നു.
1999ൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച അർജുൻ, സംസ്ഥാന സർക്കാരിന്‍റെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011-ലാണ് ഹൈദരാബാദിൽ എൻ.ഐ.എ പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേറ്റത്.
ഐക്യരാഷ്ട്രസഭയിൽ 'ജസ്റ്റിസ് ആൻഡ് റൂൾ ഓഫ് ലോ' വിഭാഗത്തിൽ ഇന്ത്യ നാമനിർദ്ദേശം ചെയ്ത വിദഗ്ധരിൽ ഒരാളായിരുന്നു അര്‍ജുന്‍. കേന്ദ്ര സർക്കാരിന്‍റെ ക്രിമിനൽ നിയമ പരിഷ്കരണ കമ്മിറ്റിയിൽ അംഗമായിരുന്ന അദ്ദേഹം, ദേശീയ സുരക്ഷാ നിയമങ്ങളിലും രാജ്യാന്തര ഉടമ്പടികളിലും സർക്കാരിന്‍റെ ഉപദേശകരിൽ ഒരാളാണ്. നിയമരംഗത്തെ മികവിന് എൻ.ഐ.എ ഡയറക്ടർ ജനറലിന്‍റെ ഗോൾഡ്, സിൽവർ മെഡലുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടിയ അദ്ദേഹം, ലണ്ടനിലെ വോൾവർഹാംപ്ടൺ സർവകലാശാലയിൽ നിന്നാണ് എൽ.എൽ.എം നേടിയത്.