ഫാസ്റ്റ് ഫുഡിന് പിന്നാലെ പ്രായഭേദമന്യേ ആളുകള്‍ ഓടുന്ന കാലത്ത് മുരിങ്ങയിലക്കറിയുടെ റെസിപ്പി പരീക്ഷയ്ക്ക് എഴുതി ട്രെന്‍ഡിങായിരിക്കുകയാണ് ഒരു രണ്ടാം ക്ലാസുകാരി. ക്രിസ്മസ് പരീക്ഷയില്‍ പാചകക്കുറിപ്പ് തയ്യാറാക്കാനുള്ള ചോദ്യത്തിനായിരുന്നു കോഴിക്കോട് തിരുവങ്ങൂര്‍ സ്കൂളിലെ ഇസ സഹ്റിന്‍ മുരങ്ങിയിലക്കറിയെ കുറിച്ച് എഴുതിയത്. ഈ പാചകക്കുറിപ്പ് വായിച്ച് അധ്യാപകരും വീട്ടില്‍ പോയി മുരിങ്ങിയില കറിയുണ്ടാക്കിയത്രേ.
രണ്ടാം ക്ലാസിലെ മലയാളം ഉത്തരകടലാസില്‍ സാന്‍വിച്ചും ബര്‍ഗറുമൊക്കെ നിറഞ്ഞുനിന്നപ്പോഴാണ് ഇസയുടെ നാടന്‍ മുരങ്ങിയിലക്കറി വ്യത്യസ്തമായത്. അതും വെറുതെയങ്ങ് എഴുതിയതല്ല. വിശദമായി മുരങ്ങിയിലക്കറിയുടെ കംപ്ലീറ്റ് റെസിപ്പി. കൊയിലാണ്ടി ബ്ലോക്കുതല അധ്യാപക സംഗമത്തിലും ഇസയുടെ മുരങ്ങിയിലക്കറി റെസിപ്പി ഹിറ്റായി.
വീട്ടിലെ അടുക്കളയിൽ കറിയുണ്ടാക്കുമ്പോൾ അതു നോക്കിയിരുന്നാണ് ഇസ പാചകം പഠിച്ചത്. ഈ കൊച്ചുമിടുക്കിക്ക് വേറെയും ചില വിഭവങ്ങളും ഉണ്ടാക്കാനറിയാം.പൂക്കാട് ഹയാത്തിൽ സെജീർ അലിയുടെയും നഴ്സായ ജെസ്‌ലയുടെയും മൂന്നുമക്കളിൽ രണ്ടാമത്തെയാളാണ് ഇസ.