ജില്ലയിലെ ഏറ്റവും വലിയ പൊലീസ് ഉദ്യോഗസ്ഥനെ കണ്ടു സംസാരിച്ചപ്പോള്‍ ആ 33 വിദ്യാര്‍ഥികളുടേയും കണ്ണുകളില്‍ കണ്ട തിളക്കവും നിറഞ്ഞ പുഞ്ചിരിയും ഒന്നു കാണേണ്ടതാണ്. ഇത്രയും എളിമയോടെ തങ്ങളോട് സംസാരിക്കാനും കുഞ്ഞുകുഞ്ഞു ആഗ്രഹങ്ങള്‍ സാധിച്ചുതരാനും ആ ഉദ്യോഗസ്ഥന്‍ കാണിച്ച മനസിനോടും ആ പൈതങ്ങള്‍ക്ക് തോന്നിയത് കുന്നോളം സ്നേഹം.
വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഗോത്ര വിദ്യാർത്ഥികൾക്കായി നടത്തിയ പഠന യാത്രയുടെ ഭാഗമായി ജില്ലാ പോലീസ് കാര്യാലയത്തിലെത്തിയ തിരുനെല്ലി എസ്.എ.യു.പി സ്കൂളിലെ 33 വിദ്യാർഥികളേയും ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് കൈ കൊടുത്താണ് സ്വകരിച്ചത്. ബസിലെത്തിയ കുട്ടികള്‍ക്കരികിലേക്ക് വന്ന് ചിരിച്ച് സ്വാഗതം പറഞ്ഞ് അദ്ദേഹം സ്വീകരിച്ചു. പിന്നാലെ എല്ലാവര്‍ക്കുമായി തന്റെ അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവച്ചു. ഓരോരുത്തരെയും തപോഷ് ബസുമതാരി ഐ.പി.എസ് തന്റെ കസേരയിലിരുത്തുകയും അവർക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു.
വയനാട് ജില്ലാ പോലീസ് മേധാവിയുടെ കസേരയിൽ വിദ്യാർഥികൾ ഓരോരുത്തരായി മാറി മാറി നിവർന്നിരുന്നപ്പോൾ കുരുന്ന് കണ്ണുകളിൽ മിന്നിയ തിളക്കത്തിനും പുഞ്ചിരികൾക്കും കാരണം ഉയർച്ചയിലേക്കുളള പടവുകൾ താണ്ടാൻ ലഭിച്ച ഊർജമായിരിക്കട്ടെയെന്ന് ആശംസിക്കാം.
നന്നായി പഠിച്ചു ഉയരങ്ങളിലെത്താനും നല്ല മനുഷ്യരായി വളരാനും അദ്ദേഹം അവരെ ആശംസിച്ചു. എസ്.പിയുടെ ഇന്നോവ വാഹനത്തിൽ കയറാനുള്ള കുട്ടികളുടെ ആഗ്രഹവും അദ്ദേഹം സാധിച്ചു കൊടുത്തു. തന്റെ യൂണിഫോമിലെ സ്റ്റാറുകളുടെ എണ്ണവും അതുമായി ബന്ധപ്പെട്ട സംശയങ്ങളും ഓഫീസര്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു.
കുട്ടികളെല്ലാം ജില്ലാ പോലീസ് മേധാവിയെ ഒന്നടങ്കം ആശ്ലേഷിച്ച ശേഷമാണ് യാത്ര പറഞ്ഞത്. സോഷ്യല്‍മീഡിയയില്‍ വൈറലായ വിഡിയോയ്ക്ക് നിരവധി കമന്റുകളും ലൈക്കുകളും നിറയുന്നുണ്ട്. കണ്ടുനിന്നപ്പോള്‍ കണ്ണീരണിഞ്ഞതായും, ഈ ഉദ്യോഗസ്ഥനെ ജീവിതത്തില്‍ ഒരിക്കലും അവര്‍ മറക്കില്ലെന്നും കമന്റുകളുണ്ട്.