ഡിജിറ്റല്‍ അറസ്റ്റ് നാടകം പൊളിച്ച് കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസ്. റിട്ട. ബാങ്ക് മാനേജരെ വിര്‍ച്വല്‍ അറസ്റ്റ് ചെയ്തെന്ന് പറഞ്ഞ് പണം തട്ടാനുള്ള ശ്രമമാണ് തന്ത്രപരമായി പൊളിക്കാന്‍ പൊലീസിന് സാധിച്ചത്.
ഡാറ്റ പ്രൊട്ടക്ഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനയാണ് അറസ്റ്റ് നാടകം. മുംബൈയിലെ കാനറാ ബാങ്കില്‍ തോട്ടട സ്വദേശി പ്രമോദ് മഠത്തിലിന്‍റെ പേരില്‍ അക്കൗണ്ടും സിം കാര്‍ഡും എടുത്തിട്ടുണ്ടെന്നും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തപ്പോള്‍ അയാളുടെ രേഖകളില്‍ നിന്ന് പ്രമോദിന്‍റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡ് കിട്ടിയെന്നും പറഞ്ഞായിരുന്നു വിര്‍ച്വല്‍ അറസ്റ്റിന് ശ്രമിച്ചത്. തട്ടിപ്പ് മണത്ത പ്രമോദ് ഉടനെ സൈബര്‍ പൊലീസിനെ അറിയിച്ചു.
വീഡിയോ കോളിന്‍റെ മറ്റൊരു വശത്ത് യഥാര്‍ഥ പൊലീസ് നില്‍ക്കുന്നുവെന്ന് തട്ടിപ്പുകാരന്‍ അറിഞ്ഞതേയില്ല. മലയാളിയായ തട്ടിപ്പുകാരനെ തപ്പുകയാണ് പൊലീസിപ്പോള്‍. ആളെ കിട്ടിയിട്ടില്ല. ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാവുന്ന കാലത്ത് ജാഗ്രത അനിവാര്യമെന്ന് വ്യക്തമാക്കുകയാണ് റിട്ട. ബാങ്ക് മാനേജര്‍ പ്രമോദിന്‍റെ ഇടപെടല്‍