theft-caught

TOPICS COVERED

തൃശൂര്‍ പട്ടിക്കാട്, പീച്ചി റോഡ് ജംക്ഷനില്‍ നാലുദിവസം മുമ്പൊരു സ്കൂട്ടര്‍ മോഷ്ടിക്കപ്പെട്ടു. സ്കൂള്‍ ബസില്‍ വന്നിറങ്ങിയ കുട്ടിയെ കൂട്ടാന്‍ സ്കൂട്ടറില്‍ വന്നതായിരുന്നു ബന്ധുവായ സ്ത്രീ. സ്കൂട്ടറില്‍ നിന്നിറങ്ങി ബസ് നിര്‍ത്തിയ ഇടത്തേയ്ക്കു നടന്നു പോയി. ഈ സമയം, സ്കൂട്ടറില്‍ താക്കോല്‍ എടുത്തിരുന്നില്ല. കാരണം, തൊട്ടടുത്തു തന്നെയായിരുന്നു ബസ് നിര്‍ത്തിയത്. മകളേയും കൂട്ടി തിരിച്ച് നടന്നു വരുമ്പോഴാണ്, സ്കൂട്ടര്‍ ഒരാള്‍ ഓടിച്ചു കൊണ്ടുപോകുന്നത് കണ്ടു. ബഹളം വച്ച് ആളെ കൂട്ടുമ്പോഴേയ്ക്കും സ്കൂട്ടറുമായി കള്ളന്‍ കടന്നു. ഒരു മിനിറ്റു കൊണ്ട് കളവു നടത്തിയ കള്ളന്‍ ആര് ?. തൃശൂര്‍ പീച്ചി പൊലീസിന്‍റെ അന്വേഷണം കൊടുമ്പിരി കൊണ്ടു. 

 
thrissur-bike-theft

​കള്ളന്‍റെ ചിത്രം വഴിത്തിരിവായി

പൊലീസിനു മുമ്പിലുള്ളത് സിസിടിവി ചിത്രം മാത്രം. യുവാവ് സ്കൂട്ടര്‍ ഓടിച്ചു പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെ റൗഡിയും ബൈക്ക് മോഷ്ടാവുമായ ബെഫിനായിരുന്നു ആ കള്ളനെന്ന് തിരിച്ചറിഞ്ഞു. പക്ഷേ, കള്ളനെ പിടികൂടാന്‍ പൊലീസ് തലങ്ങും വിലങ്ങും അന്വേഷണം തുടങ്ങി. എ.സി.പി.: എസ്.പി. സുധീരന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപകരിച്ച് അന്വേഷണത്തിന്‍റെ ഗൗരവം കൂട്ടി. വിവരമറിഞ്ഞ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ് മുഖും പരാതി ഗൗരവമായെടുത്തു. പൊലീസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ കള്ളന്‍റെ ചിത്രം വന്നു. എല്ലാവരും തിരഞ്ഞു ആ കള്ളനെ. 

തൃശൂര്‍ പീച്ചി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ വിഷ്ണു നടരാജ് രാവിലെ ഏഴരയോടെ സ്റ്റേഷനിലേയ്ക്കു വരികയായിരുന്നു. ബൈക്കിലായിരുന്നു യാത്ര. നടത്തറ സിഗ്നല്‍ ജംക്ഷനില്‍ എത്തിയപ്പോഴാണ് വിഷ്ണു ആ കാഴ്ച കാണുന്നത്. ഒരു യുവാവ് സ്കൂട്ടറില്‍ ഹെല്‍മറ്റ് വയ്ക്കാതെ പാഞ്ഞു വരുന്നു. അതും, വാഹനങ്ങളുട വരിത്തെറ്റിച്ചാണ് ആ വരവ്. സംശയം തോന്നി, വാട്സാപ്പ് ഗ്രൂപ്പിലെ ആ ചിത്രം നോക്കി ഈ പൊലീസുകാരന്‍.

vishnu-nataraj

സിവില്‍ പൊലീസ് ഓഫിസര്‍ വിഷ്ണു നടരാജ്

അതെ, കളവ് വണ്ടിതന്നെ. സംശയിക്കേണ്ട. ഉടനെ, സഹപ്രവര്‍ത്തകരായ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എ.സി.ദിലീപ്, സിവില്‍  പൊലീസ് ഓഫിസര്‍ സൂരജന്‍ സുഗണന്‍ എന്നിവരെ വിവരമറിയിച്ചു. പീച്ചി ഇന്‍സ്പെക്ടര്‍ സി.എന്‍.സുകുമാരന്‍, എസ്.ഐ. : ഡി.വൈശാഖ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് പാഞ്ഞെത്തി. അങ്ങനെ, കള്ളനെ കയ്യോടെ പൊക്കി. പിന്നാലെ, വണ്ടിയും കിട്ടി.

  • dileep-sooraj
  • sukumaran-vyshakh

സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എ.സി.ദിലീപ് (ഇടത്), സിവില്‍ പൊലീസ് ഓഫിസര്‍ സൂരജന്‍ സുഗണന്‍ (വലത്) (ആദ്യചിത്രം). പീച്ചി ഇന്‍സ്പെക്ടര്‍ സി.എന്‍.സുകുമാരന്‍ (ഇടത്), എസ്.ഐ. : ഡി.വൈശാഖ് (വലത്) (രണ്ടാം ചിത്രം)

പൊലീസ് ഉദ്യോഗസ്ഥന് കയ്യടി

സിവില്‍ പൊലീസ് ഓഫിസര്‍ വിഷ്ണു നടരാജിന്‍റെ ആത്മാര്‍ഥമായ ഇടപെടലാണ് ഇവിടെ ഗുണമായത്. വരിത്തെറ്റിച്ചു അസ്വാഭാവികമായി ഹെല്‍മറ്റില്ലാതെ വന്ന ആ യുവാവിനെ ശ്രദ്ധിച്ചെന്നു മാത്രമല്ല. വണ്ടി നമ്പര്‍ വേഗം ക്രോസ് ചെക് ചെയ്തതും വഴിത്തിരിവായി. സഹപ്രവര്‍ത്തകരെ പിന്നാലെ അറിയിക്കുകയും പീച്ചി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ സമര്‍ഥമായി ഇടപെടുകയും ചെയ്തതോടെ സ്കൂട്ടര്‍ കള്ളന്‍ അകത്തായി. ഒട്ടേറെ ബൈക്ക് മോഷണക്കേസുകളിലെ പ്രതിയാണ് ബെഫിന്‍. ചുമ്മാ കറങ്ങാന്‍ ഇറങ്ങിയതായിരുന്നു കള്ളന്‍. ഈ സമയത്താണ്, സ്കൂട്ടറില്‍ നിന്ന് സ്ത്രീ ഇറങ്ങിപ്പോകുന്നതും താക്കോല്‍ അതില്‍തന്നെ ഇരിക്കുന്നതും ശ്രദ്ധയില്‍പ്പെടുന്നത്. വണ്ടിയില്‍ നിന്നിറങ്ങി തൊട്ടടുത്തു നില്‍ക്കുമ്പോള്‍ പോലും താക്കോല്‍ എടുത്തില്ലെങ്കില്‍ കള്ളന്‍മാര്‍ക്ക് പണി എളുപ്പമാകും. ഇനി, താക്കോല്‍ ഇല്ലെങ്കിലും വാഹനങ്ങള്‍ മോഷ്ടിക്കാന്‍ കെല്‍പുള്ള കള്ളന്‍മാര്‍ ഒരുപാടുള്ള നാട് കൂടിയാണിത്.

ENGLISH SUMMARY:

A woman lost her scooter at Peechi Road Junction, Thrissur, while she briefly stepped away to pick up her child from a school bus, leaving the key in the ignition. Within a minute, a notorious bike thief named Befin sped off with the vehicle. The investigation escalated quickly under the Thrissur City Police Commissioner, with the suspect's image circulated on police WhatsApp groups. A few days later, Civil Police Officer Vishnu Nataraj spotted the suspect riding the stolen scooter without a helmet at Nadathara Signal. Thanks to his quick thinking and immediate coordination with fellow officers, the thief was apprehended and the scooter was recovered.