ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് രാഹുലിനെ റിമാൻഡ് ചെയ്തു. രാഹുലിനെ ഉടൻ മാവേലിക്കര സ്പെഷൽ സബ് ജയിലിലേക്ക് മാറ്റും. ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. നേരത്തേ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് മടങ്ങവേ ഡിവൈഎഫ്ഐ – യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. രാഹുൽ സഞ്ചരിച്ചിരുന്ന പൊലീസ് വാഹനം പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം രൂക്ഷമായി. ആശുപത്രിയിലേക്ക് കയറുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമവും ഉണ്ടായി.
‘പല നാൾ കള്ളൻ ഒരു നാൾ’, എന്ന ഫെയ്സ്ബുക്ക് പോസ്റ്റുമായി പിപി ദിവ്യ രംഗത്ത് എത്തി. ഷാഫിക്കൊപ്പമുള്ള രാഹുല്‍ ചിത്രം പങ്കുവച്ചായിരുന്നു പ്രതികരണം. അതേസമയം രാഹുലിനെതിരെ കടുത്ത നടപടിക്ക് നിയമസഭ ഒരുങ്ങുന്നതായി സൂചന. അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സ്പീക്കർ അറിയിച്ചു. ‘പ്രിവിലേജ് കമ്മിറ്റിക്ക് വിഷയം അയക്കും. അയോഗ്യനാക്കണോ എന്ന കാര്യത്തിൽ നിയമോപദേശം തേടും. തുടർച്ചയായ പരാതികൾ രാഹുലിനെതിരെ വരുന്നത് ഗൗരവതരമാണ്. അറസ്റ്റിന്റെ വിശദാംശങ്ങൾ നിയമസഭയെ അറിയിക്കും’ – സ്പീക്കർ വ്യക്തമാക്കി