‘തല്‍ക്കാലം ഒരു ചായ കുടിക്കണം. മൈക്കൊന്ന് മാറ്റിയാൽ ചായ കുടിക്കാം’ ബലാത്സംഗ കേസിൽ 15 ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാടെത്തി വോട്ട് ചെയ്തിന് പിന്നാലെയുള്ള ആദ്യപ്രതികരണം ഇങ്ങനെയായിരുന്നു. മാധ്യമങ്ങളെ കളിയാക്കി ചായ ഊതി കുടിക്കുന്ന രാഹുലിന്‍റെ പെരുമാറ്റം അന്നേ ചോദ്യം ചെയ്യപ്പെട്ടിരുന്നു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് നീലട്രോളി ബാഗുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടായ പാലക്കാട്ടെ അതേ കെപിഎം റീജൻസിയിൽനിന്ന് തന്നെയാണ് ഇത്തവണ പൊലീസ് രാഹുലിനെ പിടികൂടിയത്. പുതുതായി ലഭിച്ച ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് നീക്കം അതീവരഹസ്യമായിരുന്നു. പാലക്കാട് എത്തിയ രാഹുലിനെ പൊലീസ് അതീവരഹസ്യമായി നിരീക്ഷിച്ചിരുന്നു.
2024 നവംബർ അഞ്ചിന് അർധരാത്രിയായിരുന്നു നീലട്രോളിയിൽ പണം കൊണ്ടുവന്നിട്ടുണ്ടെന്ന് ആരോപിച്ച് രാഹുലിനെതിരെ ആദ്യ പൊലീസ് നീക്കം. ഇതേ ഹോട്ടലിലുണ്ടായിരുന്ന കോൺഗ്രസ് നേതാക്കളുടെ മുറികളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ രാഹുലിനെ പൊലീസിനു കസ്റ്റഡിയിലെടുക്കാനായില്ല. അന്ന് കൈപ്പൊള്ളിയ അതേ ഹോട്ടലിൽ നിന്ന് തന്നെയാണ് ഇത്തവണ പഴുതടച്ച നീക്കത്തിനൊടുവിൽ പൊലീസ് രാഹുലിനെ പിടികൂടിയത്.