ലൈംഗികപീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജയിലിലേക്ക്. പത്തനംതിട്ട മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ രാഹുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മാവേലിക്കര സ്പെഷല്‍ സബ് ജയിലിലേക്കാണ് കൊണ്ടുപോയത്. ക്രൂരമായ ലൈംഗിക പീഡനവും ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവും വിവരിക്കുന്നതാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ പരാതി. രാഹുലിന്‍റെ ലൈംഗികശേഷി പരിശോധന നടത്തിയെന്ന് പൊലീസ് പറഞ്ഞു.
ബലാത്സംഗത്തിനിടയ്ക്ക് മുഖത്തു തുപ്പി എന്നും ശരീരത്തിൽ മുറിവുണ്ടാക്കി എന്നും പരാതിയിലുണ്ട്. പാലക്കാട്ടെ ഹോട്ടലില്‍നിന്ന് അര്‍ധരാത്രി അതീവരഹസ്യമായാണ് രാഹുലിനെ പിടികൂടിയത്. ആറുദിവസം മുന്‍പ് പത്തനംതിട്ട സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ബലാല്‍സംഗം അടക്കം അതീവഗുരുതര വകുപ്പുകള്‍ രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. പത്തനംതിട്ട എ.ആര്‍. ക്യാംപില്‍ എസ്‌ഐടി മേധാവി ജി.പൂങ്കുഴലിയുടെ നേതൃത്വത്തില്‍ അഞ്ചുമണിക്കൂറിലേറെ ചോദ്യംചെയ്ത ശേഷമാണ് മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ എഫ്.ഐ.ആറിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. 2024 ഏപ്രില്‍ 8ന് തിരുവല്ലയിലെ സ്വകാര്യ ഹോട്ടലില്‍വച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് എഫ്.ഐ.ആര്‍. തടയാന്‍ ശ്രമിച്ചപ്പോള്‍ മുഖത്ത് തുപ്പി, അടിച്ചു എന്നും എഫ്ഐആറില്‍ പറയുന്നു. അതിവേഗ നടപടിയില്‍ നിർണായകമായത് ശബ്ദസന്ദേശം. കേസില്‍ രഹസ്യമൊഴിക്ക് ശേഷം അറസ്റ്റെന്ന നിലപാടിലായിരുന്നു പൊലീസ്. ഇതിനിടയ്ക്ക് മുഖ്യമന്ത്രിയുടെ പക്കൽ അതിജീവിതയുടെ ശബ്ദസന്ദേശമെത്തി. അറസ്റ്റ് വൈകുന്നതിലെ ആശങ്ക അതിജീവിത പങ്കുവച്ചു. കരഞ്ഞു കൊണ്ടുള്ള ശബ്ദസന്ദേശം കേട്ട മുഖ്യമന്ത്രി ഉടൻ നടപടിയിലേയ്ക്ക് നീങ്ങാൻ നിർദേശിക്കുകയായിരുന്നു.