ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിലായതിന് പിന്നാലെ ഫെയ്‌സ്ബുക്ക് കുറിപ്പുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എംപിയുമായ എ.എ. റഹീം. 'മാലാഖ കുഞ്ഞുങ്ങൾ ക്ഷമിക്കട്ടെ' എന്നുതുടങ്ങുന്ന രാഹുലിന്റെ പേരെടുത്ത് പറയാതെയുള്ള കുറിപ്പാണ് എ.എ. റഹീം പങ്കുവെച്ചത്.
'മാലാഖ കുഞ്ഞുങ്ങൾ ക്ഷമിക്കട്ടെ, ഒരിക്കൽക്കൂടി പറയട്ടെ, 'കുഞ്ഞുങ്ങളുടെ ശവപ്പെട്ടികൾക്കാണ് ഏറ്റവും കനം'.. അമ്മയെ ചതിച്ച് ഗർഭത്തിലെ കുഞ്ഞിനെ കൊന്നവനാണ് ഏറ്റവും ക്രൂരൻ', റഹീം ഫെയ്‌സ്ബുക്കിൽ കുറിച്ചു.
വിവാഹവാഗ്ദാനം നൽകി ബലാത്സംഗംചെയ്‌തെന്നും ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും സാമ്പത്തികമായും ചൂഷണംചെയ്‌തെന്നുമാണ് മൂന്നാമത്തെ പരാതിയിലുള്ളത്. വിദേശത്തുള്ള യുവതി ഒരാഴ്ച മുൻപാണ് ഇമെയിൽ വഴി പരാതി നൽകിയത്.