തിരുവനന്തപുരം കുന്നുകുഴിയിൽ എകെജി സെന്ററിനടുത്ത് തട്ടുകട നടത്തിയിരുന്ന ഷാജിയുടെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടരപതിറ്റാണ്ടിലേറെയായി ഷാജിയെ അറിയാമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'ചെറുപുഞ്ചിരിയോടെയാണ് അദ്ദേഹത്തെ എപ്പോഴും കണ്ടിട്ടുള്ളത്. പാർട്ടിയെ നെഞ്ചേറ്റിയ കുടുംബം കൂടിയാണ് അദ്ദേഹത്തിന്റേത്. ഇന്നു രാവിലെ ഷാജിയുടെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.'– മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് അന്തരിച്ച ഷാജിയെ അനുസ്മരിച്ച് കമന്‍റുകളുമായെത്തിയത്. ഷാജിയെയും ഭാര്യ ബേബി യെയും നന്നായി അറിയാമെന്നും സ്ഥിരമായി ചായ കുടിച്ചിരുന്ന കൊച്ചുകടയായിരുന്നു അതെന്നും എന്‍ ബി ബിജു എന്ന പ്രൊഫൈലില്‍ നിന്നും കമന്‍റ്.
താൻ സ്ഥിരമായി ഭക്ഷണം കഴിച്ചു കൊണ്ടിരുന്നത് ഇദ്ദേഹത്തിൻ്റെ കടയിൽ നിന്നായിരുന്നുവെന്ന് ഓര്‍മിക്കുകയാണ് നിസാര്‍ അയ്മെന്‍. 96 മുതൽ ആ കുടുംബത്തേയും മക്കളെയുമൊക്കെ തനിക്കറിയാമെന്നും കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കുറിച്ചു.
പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത ഷാജിയേട്ടന് ആദരാഞ്ജലികളെന്ന് സതീശന്‍ കുറിച്ചു. ഇത്തരത്തില്‍ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ അനുശോചന കുറിപ്പിന് താഴെ ഷാജിയെ അനുസ്മരിച്ച് രംഗത്തെത്തിയത്.