ശബരിമലയെന്ന കാനനക്ഷേത്രം സ്വാമിമാരെപ്പോലെ പതിവുകാരായ അന്തേവാസികളുടെയും സന്നിധാനമാണ്. മരങ്ങളിൽ തൂങ്ങിയാടി സന്തോഷം പങ്കിടുന്ന കുരങ്ങൻമാർ മുതൽ കാട് വിറപ്പിച്ചെത്തുന്ന കൊമ്പൻമാരുടെ വമ്പ് വരെ നീളുന്ന വൈവിധ്യം. പൊന്നമ്പലമേടും, പുല്ലുമേടും ഉൾപ്പെടുന്ന മലകൾക്കിടയിലെ സന്നിധാനം മഞ്ഞ് കണങ്ങൾക്കിടയിൽ പ്രകൃതിയിലെ മാറ്റങ്ങളും കൗതുകവും ഭംഗിയും നിറയ്ക്കുന്നതാണ്.
മലയടിവാരത്ത് നിന്നും ഉയരെ ഉയരെ നീങ്ങി കൊടിമരം കടന്ന് ശബരീശ സന്നിധി വഴി കരിമല ലക്ഷ്യമാക്കുന്ന കോടമഞ്ഞ്. കൊഴിഞ്ഞും, തളിർത്തും, പൂത്തും ശിഖരങ്ങൾ ഒഴിഞ്ഞും തേൻ നുകരാൻ ഇടം നൽകിയും കാട് കാടാക്കുന്നവരിൽ പലരും. ചാടിപ്പിടിച്ച് മറുകരയിൽ സുരക്ഷിതരാവുന്ന സാഹസികർ. സൗഹൃദം പങ്കിട്ടും കലഹിച്ചും അവരിൽ പലരുടെയും നോട്ടം. തന്നാലാവുന്നത് കൈപ്പിടിയിലൊതുക്കി കൂടുതേടുന്ന കൗതുകം. ഇതിനെല്ലാം സാക്ഷിയായി ശബരിമലയുടെ എതിർദിശയിൽ പൊന്നമ്പലമേടും, ഇടത് ഭാഗത്തായി പുൽമേടും പച്ചപ്പിന്‍റെ അടയാളമായി തെളിഞ്ഞ് കാണാം.
സ്വാമിമാരില്ലാ വഴികളിൽ വന്യമൃഗങ്ങൾ വിഹരിക്കുന്ന കാലം. രാപകൽ വ്യത്യാസമില്ലാതെ വീടായ കാട് തേടിയിറങ്ങി വരവറിയിക്കുന്നവരുടെ ലോകവും. പറവയും ഭാഗ്യം കൊണ്ടുവരുന്നതെന്ന വിശേഷണമുള്ള പച്ചനിറക്കാരനും അവിടവിടെ അടയാളമായി മാറുന്നു. സ്വാമി ശരണം വിളിയുടെ മാറ്റൊലിയിൽ കുറച്ച് നാളെങ്കിലും അവരുടെ നാവിലും ഏറ്റു ചൊല്ലാനൊരു മന്ത്രം. സ്വാമിയേ ശരണമയ്യപ്പാ. ഭൂമിയുടെ അവകാശികൾ നിറഞ്ഞ ഈ പൂങ്കാവനം എത്ര സുന്ദരമാണ്. സ്വാമിയുടെ പൂങ്കാവനം അയ്യപ്പൻമാർക്ക് മാത്രമല്ല. മറ്റ് പലരുടെയും ഇഷ്ട ഇടം കൂടിയാണ്.