rajeevar-rahul

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠര് രാജീവരെ എസ്‌ഐടി അറസ്റ്റ് ചെയ്തതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി രാഹുല്‍ ഈശ്വര്‍ രംഗത്ത്. ഹൈക്കോടതിയുടെ 9 ഇടക്കാല വിധിന്യായങ്ങളിൽ ഒന്നിൽ പോലും ബ്രഹ്മശ്രീ കണ്ഠര് രാജീവര് അവർകളെ കുറിച്ച് ഒരു നെഗറ്റീര്‍ പരാമർശമില്ലെന്നും, കോടതികളുടെ നിലപാട് വന്നതിനു ശേഷം മാത്രം തന്ത്രിയെ കരിവാരിത്തേക്കുകയെന്നും രാഹുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

'ജീവിതത്തിൽ ഇന്നേവരെ ഒരു വിവാദത്തിലും ഉൾപ്പെട്ടിട്ടില്ല, ഒരു കുറ്റവും പഴിയും കേൾപ്പിച്ചിട്ടില്ല, തന്ത്രിക്കു ഭരണപരമായ കാര്യങ്ങളിൽ ഒരു ഉത്തരവാദിത്വവും ഇല്ല. വിശ്വാസം, ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് അധികാരം, ഉത്തരവാദിത്വം എന്നിവയുള്ളത്. 15 ലധികം രാജ്യങ്ങളിൽ 1000 കണക്കിന് അമ്പലങ്ങളിൽ പ്രതിഷ്ഠ, പൂജകൾ നടത്തിയ, സാക്ഷാൽ ഭഗവാൻ പരശുരാമൻ ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് കേരളത്തിലേക്ക് കൊണ്ട് വന്ന 2 ബ്രാഹ്മണ കുടുംബങ്ങളിൽ ഒന്നാണ് താഴമൺ. ശബരിമല അയ്യപ്പൻറെ പിതൃസ്ഥാനീയർ. അയ്യപ്പൻ തന്നെയാണ് ഞാനെന്ന വിശ്വാസിക്കും പ്രധാനം, തന്ത്രിയല്ല. പക്ഷെ, കോടതികളുടെ നിലപാട് വന്നതിനു ശേഷം മാത്രം തന്ത്രിയെ കരിവാരിത്തേക്കുക. അദ്ദേഹം ബന്ധു ആയതു കൊണ്ടല്ല, പകരം എല്ലാവർക്കും നീതി വേണം എന്നത് കൊണ്ടാണ് ഈ നിലപാട് പറയുന്നത്. 

നമ്പി നാരായണൻ  അടക്കം എത്രയോ പേരെ കള്ള കേസിൽ കുടുക്കിയിട്ടുണ്ട്, അവർ മാസങ്ങളോളം ജയിലിൽ കിടന്നിട്ടുണ്ട്. 

അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളിലെ വീഴ്ചക്ക് തന്ത്രിയെ ബലിയാടാക്കി കുടുക്കിയാൽ മറ്റു ആരെയെങ്കിലും രക്ഷപെടുത്താനാകുമെന്നു വിചാരിച്ചു ചെയുന്നതാണോ എന്നറിയില്ല. കോടതിയും സ്വാമി അയ്യപ്പനും തീരുമാനിക്കട്ടെ. ബ്രാഹ്മണ സംഘടനകൾ, ഹിന്ദു സംഘടനകൾ, വിശ്വാസ സംഘടനകൾ എന്നിവരുമായി സംസാരിക്കുന്നുണ്ട്'. – രാഹുൽ ഈശ്വർ വ്യക്തമാക്കുന്നു. 

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠര് രാജീവര്‍ക്ക് രണ്ട് പതിറ്റാണ്ടിന്റെ ബന്ധമാണുള്ളതെന്നാണ് എസ്‌ഐടി പറയുന്നത്. ശബരിമല സ്വര്‍ണക്കൊള്ള തന്ത്രിയുടെ മൗനാനുവാദത്തോടെയാണ് നടന്നതെന്നും, സ്പോണ്‍സര്‍ഷിപ്പിലെ കള്ളക്കളി തന്ത്രി അറിഞ്ഞു തന്നെയാണെന്നും പറഞ്ഞാണ് എസ്‌ഐടി തന്ത്രിയെ അറസ്റ്റ് ചെയ്തത്. 

പാളികള്‍ കൊണ്ടുപോയതിനെ തത്രി എതിര്‍ത്തിരുന്നില്ല, ബെംഗളൂരു ക്ഷേത്രത്തില്‍ തുടങ്ങിയ ബന്ധമാണ് തന്ത്രിയും പോറ്റിയും തമ്മിലുള്ളത്, 

ശബരിമലയില്‍ പോറ്റി സ്വാധീനശക്തിയായി മാറുകയായിരുന്നു തുടങ്ങി നിര്‍ണായക കണ്ടെത്തലുകളാണ് എസ്‌ഐടിയുടേത്. കൊച്ചിയിലെ എസ്ഐടി ഓഫിസിൽ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യലിനു ശേഷമാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.