ആലപ്പുഴയിൽ പിതാവും മുത്തശ്ശിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ചെലവ് കഴിയാൻ എൽഇഡി ബൾബ് നിർമാണത്തിലേർപ്പെട്ട കുട്ടികൾക്ക് ഇനി സന്തോഷിക്കാം. കുട്ടികളുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് മണ്ണഞ്ചേരി പൊന്നാടുള്ള വീട്ടിലെത്തി കെ.സി.വേണുഗോപാൽ എംപി കുട്ടികൾക്കും കുടുംബത്തിനും ആവശ്യമായതെല്ലാം ചെയ്തു നൽകാമെന്ന് അറിയിച്ചു. മുടങ്ങിക്കിടക്കുന്ന വീട് നിർമാണം സുമനസുകളുടെ സഹായത്തോടെ പൂർത്തീകരിക്കുമെന്നും ഉറപ്പുനൽകി.
മണ്ണഞ്ചേരി പൊന്നാട് വാത്തിശേരി ചിറയിൽ ഗവേഷിൻ്റെ മക്കളായ ഗൗരിയും ശരണ്യയുമാണ് എൽഇഡി ബൾബ് നിർമിച്ച് വിറ്റ് കുടുംബത്തിൻ്റെ ബുദ്ധിമുട്ട് മാറ്റാൻ ശ്രമിച്ചത്. വിവരമറിഞ്ഞ കെ.സി. വേണുഗോപാൽ എം പി ആലപ്പുഴയിലെത്തിയ ഉടൻ കുട്ടികളുടെ വീട്ടിലെത്തി. കുരുന്നുകളെ നെഞ്ചോടു ചേർത്തുപിടിച്ച് വേണ്ടതെല്ലാം ചെയ്യാമെന്ന് ഉറപ്പു നൽകി. പാതി വഴിയിൽ നിർമാണം നിലച്ച വീട്ടിനുള്ളിൽ കയറി ദയനീയ സ്ഥിതി മനസിലാക്കി വീടുപണി പൂർത്തിയാക്കുമെന്നും എം പി പറഞ്ഞപ്പോൾ പത്തും ഏഴും വയസ്സുള്ള ഗൗരിയുടേയും ശരണ്യയുടെയും മുഖത്ത് പുഞ്ചിരി. നന്നായി പഠിക്കുമെന്ന ഉറപ്പ് കുരുന്നുകൾ കെസി വേണുഗോപാൽ എംപിക്ക് നൽകി. പാതി വഴിയിൽ നിർമാണം നിലച്ച വീട് പൂർത്തീകരിക്കാനുള്ള സഹായങ്ങൾ ചെയ്യാൻ സുമനസ്സുകളുമായി ചർച്ച നടത്തുകയാണ്. നാലു മാസത്തിനകം വീടു പൂർത്തിയാക്കാനാണ് ശ്രമം. വീടു നിർമാണത്തിനായി എടുത്ത വായ്പയുടെ കുടിശിക പരിഹരിക്കാനും ജപ്തി നടപടി ഒഴിവാക്കാനും ധനകാര്യസ്ഥാപനവുമായി സംസാരിക്കുന്നുണ്ട്. പിതാവ് ഇലക്ട്രിഷ്യനായ വി.ജി.ഗവേഷിന്റെ കയ്യിലെ പരുക്കു ഭേദമാക്കാൻ ചികിത്സ ലഭ്യമാക്കും. ഇതോടെ ഗവേഷിനു ജോലിക്കു പോകാനാകും. പഠനത്തിന് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സ്വന്തം നിലയിൽ അതു ചെയ്തു തരുമെന്നും കെ സി വേണുഗോപാൽ കുട്ടികളെ അറിയിച്ചു.