പുല്ലുമേട് വഴിയുള്ള യാത്രയിൽ ഒറ്റപ്പെടുന്ന സ്വാമിമാർക്ക് രക്ഷകരായി വിവിധ സേനകളുടെ ദൗത്യസംഘം. വന്യജീവികളുടെ സാന്നിധ്യം ഏറെയുള്ള വനത്തിൽ നിശ്ചിത സമയം കഴിഞ്ഞാലും നടന്ന് എത്താൻ കഴിയാത്ത സ്വാമിമാരെ വനം വകുപ്പ്, അഗ്നിരക്ഷാ സേന, NDRF ഉദ്യോഗസ്ഥരുടെ സംഘം തേടിയെത്തി കൂട്ടിക്കൊണ്ടു വരും. യാത്രയിൽ പരുക്കേൽക്കുന്ന സ്വാമിമാർക്ക് പ്രത്യേക ചികിൽസാ സഹായവും നൽകി ദർശനം ഉറപ്പാക്കും.
സത്രം വഴി പുല്ലുമേട് പിന്നിട്ട് സന്നിധാനത്തേക്ക് കാൽനടയായി എത്തേണ്ട വനപാത. ദുർഘട യാത്രയാണെങ്കിലും മണിക്കൂറുകൾ കാത്തുനിൽക്കാതെ ദർശനം സാധ്യമാകുന്നതിനാൽ സ്വാമിമാർ ഇതുവഴിയുള്ള യാത്ര കൂടുതലായി തിരഞ്ഞെടുക്കുകയാണ്. അയ്യായിരം സ്വാമിമാർക്കാണ് ഒരു ദിവസം യാത്രാ അനുമതി നൽകുന്നത്.
രാവിലെ സത്രത്തിൽ നിന്നും പുറപ്പെടുന്നവരുടെയും സന്നിധാനത്ത് എത്തിച്ചേരുന്നവരുടെയും കണക്ക് പ്രത്യേകം പരിശോധിക്കും. പാണ്ടിത്താവളത്തിലേക്ക് എത്തിയവരുടെ എണ്ണത്തിൽ കുറവുണ്ടെന്ന് കണ്ടാൽ വനം വകുപ്പ്, അഗ്നിശമന സേന, എൻ.ഡി.ആർ.എഫ്, ദേവസ്വം ബോർഡിന്റെ രക്ഷാസേന എന്നിവരുടെ നേതൃത്വത്തിൽ പുല്ലുമേട് ലക്ഷ്യമാക്കി നീങ്ങും.
വഴിയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കിൽ അവരെ സന്നിധാനത്തേക്ക് എത്തിക്കാൻ സംഘം സഹായിക്കും. തളർന്ന് വീഴുന്നവരെ താങ്ങിയെടുക്കും. യാത്രയിൽ പരുക്കേൽക്കുന്നവരെ സ്ട്രെച്ചറിൽ താങ്ങി താഴെ എത്തിച്ച് വൈദ്യ സഹായം നൽകും. ഇരുപത്തി നാല് മണിക്കൂറും സംഘം സദാ ജാഗ്രതയിലായിരിക്കും. സ്വാമിയുടെ പൂങ്കാവനത്തിലേക്ക് പ്രവേശിക്കുന്നവർക്ക് സുഖദർശനം ഉറപ്പാക്കാൻ.