അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ഒരു റെയില്‍വേ സ്റ്റേഷന്‍റെ വിഡിയോ ഉണ്ട്... ട്രെയിന്‍ സ്റ്റേഷന്‍ കടന്നുപോകുമ്പോള്‍ കംപാര്‍ട്ട്മെന്‍റിന് ഉള്ളില്‍ നിന്നും പകര്‍ത്തിയ വിഡിയോ. നിലത്ത് ഒരു പേപ്പര്‍ കഷണം പോലുമില്ലാത്തെ പ്ലാറ്റ്ഫോമുകള്‍, എവിടെയും മാലിന്യങ്ങളോ വൃത്തികേടുകളോ ഇല്ല, നന്നായി പരിപാലിക്കപ്പെട്ട സൈൻബോർഡുകൾ, സ്റ്റാളുകൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, പ്ലാറ്റ്ഫോം തൂണുകൾ... മറ്റെവിടെയുമല്ല കണ്ണൂരിലെ തലശ്ശേരി റെയില്‍വേ സ്റ്റേഷനായിരുന്നു ദൃശ്യങ്ങളില്‍.
മലയാളിയായ മുബീന എന്ന യുവതിയാണ് ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കുവച്ചത്. രണ്ട് ദിവസം മുന്‍പ് പങ്കുവച്ച വിഡിയോ ഇതിനകം ഏഴര ലക്ഷം ആളുകളാണ് കണ്ടത്. ‘ഒരു മാലിന്യം പോലുമില്ലാത്ത സ്റ്റേഷന്‍, ഈ വിഡിയോ എടുക്കുമ്പോള്‍ ആരുമെന്‍റെ ഫോണും മോഷ്ടിച്ചിട്ടില്ല’ എന്ന് കുറിച്ചാണ് മുബീന വിഡിയോ പങ്കുവച്ചത്. വിഡിയോ പെട്ടെന്ന് വൈറലായി. പിന്നാലെ ആശ്ചര്യവും അദ്ഭുതവും പ്രകടിപ്പിച്ച് നെറ്റിസണ്‍സും എത്തി. കേരളത്തിലെ ആളുകളുടെ പൗരബോധം, പൊതുശുചിത്വം എന്നിവയെ പ്രകീര്‍ത്തിച്ചായിരുന്നു മിക്ക ആളുകളും കമന്‍റുകളുമായെത്തിയത്. ‘തലശ്ശേരി’ എന്ന് അഭിമാനപൂര്‍വം കുറിച്ചുകൊണ്ട് തലശ്ശേരിക്കാരും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, പൗരബോധത്തിനപ്പുറം റെയില്‍വേ സ്റ്റേഷനിലെ തൊഴിലാളികളെ പ്രകീര്‍ത്തിച്ചും ആളുകളെത്തുന്നുണ്ട്. ‘പൗരബോധം അവിടെ നിൽക്കട്ടെ, സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികള്‍ അവരുടെ ജോലി വളരെ നന്നായി ചെയ്യുന്നു’ എന്നാണ് ഒരാള്‍ കുറിച്ചത്. തന്‍റെ നാടാണിതെന്നും അവിടുത്തെ ശുചീകരണ ജോലി ചെയ്യുന്ന ചേച്ചിമാരുടെ കഴിവാണെന്നും മറ്റൊരാള്‍ കുറിച്ചു. ഞാൻ ഇന്ത്യയിലുടനീളം സഞ്ചരിച്ചിട്ടുണ്ട്, പക്ഷേ വടക്കേ ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളെ അപേക്ഷിച്ച് കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ വളരെ വൃത്തിയുള്ളതാണ്. ഇത് പൗരബോധത്തിന്റെയും സിസ്റ്റം ലെവൽ മാനേജ്മെന്റിന്റെയും കൂട്ടായ വിജയമാണ്’ എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
ഇന്ത്യന്‍ റെയില്‍വേയുടെ പാലക്കാട് ഡിവിഷനിലെ ആദ്യ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നുകൂടിയാണ് തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍. 2024 ഡിസംബറില്‍ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണ പ്രവൃത്തികളും സ്റ്റേഷനില്‍ നടത്തിയിരുന്നു.