ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ സോണിയ ഗാന്ധിയെ കുറ്റപ്പെടുത്താനോ സംശയനിഴലിലാക്കാനോ തങ്ങളില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി.
'എനിക്ക് വലിയ ആദരവുള്ള വ്യക്തിത്വമാണ് സോണിയാ ഗാന്ധിയുടേത്. ഡല്‍ഹിയില്‍ വെച്ച് പലപ്പോഴും അവരെ കാണാനും സംസാരിക്കാനും ഇടയായിട്ടുണ്ട്.
പോറ്റിയേ കേറ്റിയത് സഖാക്കളാണെന്ന കള്ള പാരഡിയുണ്ടാക്കി വോട്ട് പിടിച്ച് തിരഞ്ഞെടുപ്പില്‍ മെച്ചമുണ്ടാക്കി. യുഡിഎഫിന്‍റെ ഭരണകാലത്ത് അവരുടെ സര്‍ക്കാര്‍ നിയോഗിച്ച ദേവസ്വം ബോര്‍ഡിന്‍റെ സമയത്താണ് ഈ പോറ്റി വന്നത്. സോണിയാഗാന്ധിക്ക് വലിയ സുരക്ഷയാണുള്ളത്. അവിടെ വരെ പോറ്റി പോയി.
സോണിയാ ഗാന്ധി ആവശ്യപ്പെട്ടിട്ടോ മറ്റോ ആയിരിക്കില്ല പോറ്റി പോയത്. അങ്ങനെ തന്നെയാണ് അടൂര്‍ പ്രകാശും വിശദീകരിക്കുന്നത്. മറ്റാരോ ആവശ്യപ്പെട്ടിട്ട് പൂജിച്ച ചരട് കെട്ടാനായി താനും കൂടി പോയെന്നാണ് അടൂര്‍ പ്രകാശ് പറയുന്നത്. ഉരുളുകയാണിപ്പോള്‍.
സിപിഎമ്മുമായി ബന്ധപ്പെട്ട ചിലര്‍ കേസില്‍ ജയിലിലായിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസുമായി ബന്ധമുള്ളവരും പ്രതികളായുണ്ട്. അവര്‍ പ്രശസ്തരല്ലെന്ന് മാത്രം. ഇക്കാര്യത്തില്‍ പാര്‍ട്ടി കുറ്റം ചെയ്തുവെന്നാണ് വ്യാഖ്യാനിക്കുന്നത്'. അദ്ദേഹം വിശദീകരിക്കുന്നു. മൂന്നാമതും എല്‍ഡിഎഫ് വന്നാല്‍ അയ്യപ്പ വിഗ്രഹം വരെ കാണാതാവുമെന്നൊക്കെ പറയുന്നത് ദയനീയമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.