പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ അന്വേഷണത്തിനു ശുപാർശ ചെയ്തുകൊണ്ടുള്ള വിജിലൻസ് റിപ്പോർട്ട് വെറും ഓലപ്പടക്കമാണെന്ന് രേമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പടുത്തപ്പോൾ പിടിച്ചു നിൽക്കാനുള്ള പിണറായിയുടെ രാഷ്ട്രീയസ്റ്റണ്ടുമാത്രമാണിത്. ഇതുകൊണ്ടൊന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കഴിയില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. വിഡി സതീശനമൊപ്പമുള്ള ഫോട്ടോ കൂടി പങ്കുവെച്ചുകൊണ്ടാണ് ചെന്നിത്തലയുടെ പോസ്റ്റ്. പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് വന്ന പശ്ചാത്തലത്തിലാണ് പോസ്റ്റ്.
വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. വി.ഡി.സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചെയ്തിട്ടില്ല. ഒരു വര്‍ഷം മുന്‍പ് നല്‍കിയ വിജിലന്‍സ് ശുപാര്‍ശിലാണ് തിരഞ്ഞെടുപ്പിന് മൂന്നുമാസം ശേഷിക്കെ സിബിഐ അന്വേഷണത്തിന് നീക്കം. കേസ് സിബിഐയ്ക്ക് വിടാന്‍ വെല്ലുവിളിച്ച വി.ഡി സതീശന്‍, താന്‍ പേടിച്ചു പോയെന്ന് പറഞ്ഞേക്കെന്ന് പരിഹസിച്ചു. വി ഡി സതീശന്‍ വിദേശത്ത് പോയി പണം പിരിച്ചെന്ന് സിപിഎം സംസ്ഥന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആരോപിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കോണ്‍ഗ്രസ് വയനാട്ടില്‍ യോഗം ചേരുന്നതിനിടെയാണ് പുനര്‍ജനികേസില്‍ പ്രതിപക്ഷനേതാവിനെതിരെ സിബിഐ അന്വേഷണത്തിന് നീക്കം. 11 മാസം മുന്‍പ് യോഗേഷ് ഗുപ്ത വിജിലന്‍സ് ഡയറാക്ടറായിരിക്കെ സമര്‍പ്പിച്ചതാണ് ശുപാര്‍ശ. പുനര്‍ജനയില്‍ ക്രമക്കേടില്ലെന്നും എന്നാല്‍ വിദേശഫണ്ടിലെ ക്രമക്കേട് അന്വേഷിക്കണമെന്നുമുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്താണ് പുതിയ നീക്കം. അനുമതിയില്ലാത്ത വിദേശ യാത്രയിലും സംശയം ഉണ്ടെന്നാണ് നിലപാട്. സര്‍ക്കാരിന്‍റേത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണെന്നും ഉമ്മന്‍ചാണ്ടിക്കെതിരെയും ചെന്നിത്തലയ്ക്കെതിരെയും സമാനമായ നീക്കം ഉണ്ടായിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു . സിബിഐവരാന്‍ വെല്ലുവിളിച്ച സതീശന്‍ നിയമപരമായും രാഷ്രീയമായും നേരിടുമെന്ന് മുന്നറിയിപ്പ് നല്‍കി. വിജിലന്‍സ് റിപ്പോര്‍ട്ട് ഗോവിന്ദനൊന്ന് വായിച്ച് നോക്കണമെന്നും വി.ഡി ആവശ്യപ്പെട്ടു.