ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടനത്തിൽ നിന്നും മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെതിരെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിഎസ് സുനില്‍കുമാര്‍. കേന്ദ്ര സർക്കാരും ബിജെപിയും കേരളജനതയെ ഒന്നടങ്കം അപമാനിച്ച നടപടിയാണ് ഇന്നുണ്ടായതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ബിജെപി നേതാക്കളുടെ രാഷ്ട്രീയ പാപ്പരത്തത്തിൻ്റെയും അധമ മനോനിലയുടെയും ഉത്തമ ഉദാഹരണമാണത്. കേരള ജനത ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പുകളെ തള്ളിക്കളയും. കഴിഞ്ഞ പത്തുവർഷമായി കേരള സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയും അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തി ബുദ്ധിമുട്ടിക്കുകയും ചെയ്യുകയാണ് കേന്ദ്ര സർക്കാർ. രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തെയാകെ കാറ്റിപ്പറത്തി ഏകനേതൃവാദവുമായി അവർ മുന്നോട്ടു പോവുകയാണ്. ദേശീയപാത നിർമ്മാണത്തിന് 5500 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്.
ഇത്തരം എല്ലാ ഞെരുക്കങ്ങൾക്കിടയിലും ഇന്ത്യയ്ക്കാകെ മാതൃകയായി ജനപക്ഷ വികസന ബദൽ അവതരിപ്പിക്കുകയും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത കാര്യങ്ങൾ ഓരോന്നായി കൃത്യവും വ്യക്തവുമായ ദിശാബോധത്തോടെ നടപ്പിലാക്കി മുന്നോട്ടു പോകുന്ന കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മൂന്നാമതും അധികാരത്തിൽ വരുമെന്ന കാര്യം ഉറപ്പായതോടെ സമനില തെറ്റിയ ബി ജെ പി ഇനിയും ഇത്തരം വിലകുറഞ്ഞ പ്രകടനങ്ങൾ നടത്തുമെന്ന് നമുക്കറിയാം. ചരിത്രത്തിൻ്റെ ചവറ്റുകുട്ടയിലായിരിക്കും ഇത്തരം അല്പന്മാരുടെ സ്ഥാനം.– അദ്ദേഹം വ്യക്തമാക്കുന്നു.
ബിജെപി യുടെ സംസ്ഥാന അധ്യക്ഷന് തോന്നിയത് വിളിച്ചു പറയാനുള്ള ആളല്ല മുഹമ്മദ് റിയാസെന്ന് ലിന്റോ ജോസഫ് എംഎൽഎയും ഫെയ്സ്ബുക്കില്‍ കുറിച്ചു. റിയാസ് ഈ നാടിൻ്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്. ദേശീയപാത ഈ നിലയിൽ ആവാൻ വിയർപ്പൊഴുക്കിയ മനുഷ്യനാണ്. പ്രോട്ടോകോൾ സംബന്ധിച്ച് സാമാന്യ വിവരം ഇല്ലെങ്കിൽ അത് പഠിക്കാൻ നിങ്ങൾ തയ്യാറാവണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ ഉന്നമിട്ട് ലിന്റെ വ്യക്തമാക്കുന്നു.
റിയാസിനെ, മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയ്ക്ക് മാത്രം പരാമർശിക്കുന്നത് കേരളത്തിനെ അപമാനിക്കുന്നത് പോലെയാണെന്ന് മാലാ പർവതിയും പ്രതികരിച്ചു. മുഹമ്മദ് റിയാസ് കേരളത്തിന്‍റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്. മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയ്ക്ക് മാത്രം പരാമർശിക്കുന്നത്, കേരളത്തിനെ അപമാനിക്കുന്നത് പോലെയാണെന്നും മാല പാര്‍വതി കുറിച്ചു.