അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിക്കയർ ചലച്ചിത്ര താരം അനൂപ് ചന്ദ്രന്റെ വീട്ടിൽ നിന്ന്. പള്ളിമുറ്റത്ത് കൊടി ഉയർത്താനുള്ള കയറാണ് അനൂപിന്റെ ചേർത്തല തെക്ക് പഞ്ചായത്ത് 12–ാം വാർഡ് കാരികാട്ട് സന്നിധാനം വീട്ടിൽനിന്ന് ആഘോഷപൂർവം ഇന്നലെ എത്തിച്ചത്.
മന്ത്രി പി.പ്രസാദ് വീട്ടിൽ നിന്നും പള്ളി വരെ അനൂപിനെ അനുഗമിച്ചു. എറണാകുളം മട്ടാഞ്ചേരിയിൽ നിർമ്മിച്ച കൊടിക്കയർ കഴിഞ്ഞദിവസം അനൂപിന്റെ വീട്ടിലെത്തിച്ച് പൂജാമുറിയിൽ സൂക്ഷിച്ചിരുന്നു. തലച്ചുമടായി വാദ്യമേളങ്ങളുടെയും, മുത്തുക്കുടകളുടെയും അകമ്പടിയോടെ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ പള്ളിയിൽ എത്തിയപ്പോൾ പള്ളിയധികൃതർ ചേർന്ന് കൊടിക്കയർ ഏറ്റുവാങ്ങി അൾത്താരയിൽ വച്ചു.
എല്ലാ വർഷവും തിരുനാളിന് പ്രദക്ഷിണം ഇറങ്ങുമ്പോൾ രൂപക്കൂട് ചുമക്കുവാൻ അനൂപ് ചന്ദ്രനുണ്ടാകാറുണ്ട്. .അർത്തുങ്കൽ പള്ളിയെയും ശബരിമലയെയും കോർത്തിണക്കിയുള്ള ആഗോള അയ്യപ്പസംഗമത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശമാണ് കൊടിക്കയർ സമർപ്പണത്തിന് പ്രേരണയായതെന്ന് അനൂപ് പറഞ്ഞു.