എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകുന്ന Y കാറ്റഗറി കേന്ദ്ര സുരക്ഷയെപ്പറ്റിയുള്ള ഡിജിറ്റല്‍ കണ്ടന്‍റ് ക്രിയേറ്റര്‍ നിഷാന്‍ പരപ്പനങ്ങാടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. വെള്ളാപ്പള്ളിക്ക് നൽകുന്ന Y കാറ്റഗറി കേന്ദ്ര സുരക്ഷക്കായി കഴിഞ്ഞ 10 വർഷത്തിനിടയിൽ എൻ്റെയും നിങ്ങളുടെയും നികുതിപ്പണത്തിൽ നിന്ന് ചെലവഴിച്ചത് കോടികളാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
സിഐഎസ്എഫ് ഉൾപ്പെടെ പത്തിലേറെ സുരക്ഷാ അംഗങ്ങളുള്ള വെള്ളാപ്പള്ളിയുടെ സെക്യൂരിറ്റി ടീമിൻ്റെ മൊത്തം മാസച്ചെലവ് ഏറ്റവും ചുരുങ്ങിയത് 6 ലക്ഷം എന്ന് കരുതിയാൽ തന്നെ ഇതുവരെ 7.5 കോടിയോളം രൂപ വരും. കോയമ്പത്തൂരിൽ നിന്നുള്ള 'അൽ ഉമ്മ' എന്ന തലയും വാലും കിഡ്‌നിയുമില്ലാത്ത ഏതോ സംഘടനയുടെ ഭീഷണി പ്രമാണിച്ചാണ് ഒരു സമുദായ നേതാവിന് സുരക്ഷ നൽകുന്നത്.
വെള്ളാപ്പള്ളി നടേശന്റെ കുടുംബക്ഷേത്രം നവീകരിക്കാൻ പിണറായി സർക്കാർ നൽകിയത് 3 കോടി രൂപയാണ്. ഇതുകൊണ്ട് ഈഴവ സമുദായത്തിനുള്ള നേട്ടമെന്തെന്ന് ഇതുവരെ മനസ്സിലായിട്ടില്ല.
എസ്.എൻ.ഡി.പിക്ക് ഏറ്റവും കൂടുതൽ പരിഗണന ലഭിച്ചത് ആർ.ശങ്കർ മുഖ്യമന്ത്രിയായ കാലത്താണെന്ന് ഇന്ന് മാധ്യമങ്ങളോട് വെള്ളാപ്പള്ളി പറയുന്നത് കേട്ടു. ആർ.ശങ്കർ കോൺഗ്രസാണ്. പിന്നീട് ഉമ്മൻ ചാണ്ടിയുടെ കാലത്തും പലതും ലഭിച്ചെന്ന് പറയുന്നു. ഉമ്മൻ ചാണ്ടിയും കോൺഗ്രസാണ്. അന്നേരം ലീഗുകാരായിരുന്നു വിദ്യാഭ്യാസ മന്ത്രിമാർ. പിന്നീടൊന്നും കാര്യമായി ഉണ്ടായില്ലെന്നും അദ്ദേഹം വ്യാകുലപ്പെട്ടു. പിന്നീട് മുഖ്യമന്ത്രിയായി വന്നത് പിണറായി സ്വദേശിയായ ഒരു വിജയനാണ്. അദ്ദേഹം എൽ.ഡി.എഫാണ്.
പത്തുവർഷം ഭരിച്ചിട്ട് തന്റെ സമുദായത്തിന് (വ്യക്തിപരമായല്ല) ഒന്നും നൽകാത്ത എൽ.ഡി.എഫ് സർക്കാരിനെതിരെ വെള്ളാപ്പള്ളി പ്രതിഷേധിക്കുന്നത് വല്ലതും നൽകിയെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്ന മുൻകാല യു.ഡി.എഫ് സർക്കാറുകളെ വിമർശിച്ചാണ്. അതും ലോജിക്ക് അല്പം പോലും തീണ്ടിയിട്ടില്ലാത്ത വിധം വർഗീയത പറഞ്ഞാണെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.
മലപ്പുറത്ത് ഈഴവര്‍ക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. പിന്നാക്കവിഭാഗക്കാര്‍ക്ക് ഒരു പള്ളിക്കൂടമോ കോളജോ ഹയര്‍സെക്കൻഡറി സ്‌കൂളോ ഇല്ല. വോട്ടുകുത്തിയന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നാക്ക വിഭാഗക്കാർ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഇത്രനാളായിട്ടും അതിന്റെ ഗുണഫലങ്ങളുടെ ഒരംശം പോലും മലപ്പുറത്തെ പിന്നാക്കവിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ തകര്‍ന്നടിഞ്ഞത് ഇവിടുത്തെ പിന്നാക്കക്കാരുടെ സ്വപ്‌നങ്ങളാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു.