ശബരിമല ദർശനത്തിന് മണിക്കൂറുകൾ കാത്ത് നിന്ന് തളരുന്ന അനുഭവങ്ങൾക്കിടെ കഠിനമാണെങ്കിലും തിരക്കൊഴിവാക്കി ദർശനം നടത്താൻ സ്വാമിമാർ കൂടുതലായി ആശ്രയിക്കുന്ന പാതയായി മാറി സത്രം പുല്ലുമേട് വഴിയുള്ള യാത്ര. മലയാളികളായ സ്വാമിമാർ തെരഞ്ഞെടുത്തിരുന്ന കാനനപാത മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും ഇഷ്ടപ്പെട്ട ഇടമായി മാറിയിട്ടുണ്ട്.
ദിവസേന അയ്യായിരം സ്വാമിമാർക്കാണ് യാത്രാ അനുമതിയുള്ളതെങ്കിലും നിശ്ചിത സമയം കഴിഞ്ഞാൽ തിരക്ക് നോക്കി സ്വാമിമാരെ സന്നിധാനത്തേക്ക് സ്പോട് ബുക്കിങ്ങിലൂടെ കടത്തിവിടുന്നതാണ് രീതി. കലിയുഗവരദനെ കാണാൻ കാടും മേടും താണ്ടി. യാത്ര കഠിനമാണെങ്കിലും ഒരേയൊരു ലക്ഷ്യം മാത്രം. പതിനെട്ടാം പടി കയറി സ്വാമിയെ കൺകുളിർക്കെ കാണണം. എരുമേലി പേട്ട തുള്ളി കാനനപാതയിലൂടെ സന്നിധാനം ലക്ഷ്യമാക്കിയുള്ള യാത്രയാണ് പലരുടെയും ശീലമെങ്കിലും വരവിൽ ചില വഴിമാറ്റമുണ്ട്.
സത്രം പുല്ലുമേട് യാത്ര കയറ്റിറക്കങ്ങളുള്ള കാനനപാതയാണ്. കഠിനമാണെങ്കിലും മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ് ഒഴിവാക്കി ദർശനം സാധ്യമാകുമെന്നത് സ്വാമിമാർക്ക് ആശ്വാസമാണ്. കരിയും, പുലിയും, കടുവയും ഉൾപ്പെടെയുള്ള മൃഗങ്ങൾക്കും ഇഷ്ട സങ്കേതമായ പുല്ലുമേട് യാത്രയിൽ സ്വാമിമാർക്ക് ജാഗ്രത വേണമെന്നാണ് വനപാലകരുടെ മുന്നറിയിപ്പ്. പമ്പയിൽ കുളിക്കാനാവില്ലെന്ന സങ്കടം മാറ്റാൻ ഉരൽക്കുഴി തീർഥത്തിൽ മുങ്ങി ശരണപഥം തേടുകയാണ് സ്വാമിമാർ.