പിന്നിട്ട വർഷമായ 2025ല്‍ ഏറെ അഭിമാനകരമായ നിരവധി നേട്ടങ്ങൾ കേരളം കൈവരിച്ചുവെന്ന് മന്ത്രി പി രാജീവ്.  ഒരു വർഷം തീരുകയും പുതിയ വർഷം കടന്നുവരുകയുമാണ്.  ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് വിജയകരമായി സംഘടിപ്പിച്ചതും, 1.91ലക്ഷം കോടി രൂപയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചതും വലിയ നേട്ടമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

ഇതിൽ തന്നെ 50,000ല്‍ അധികം തൊഴിലവസരങ്ങളൊരുക്കുന്ന 100ലധികം കമ്പനികൾ നിർമ്മാണം ആരംഭിച്ചു. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റീഫോംസ് റാങ്കിങ്ങിൽ വീണ്ടും കേരളം ഏറ്റവും ഉയർന്ന ശ്രേണിയിൽ തെരഞ്ഞെടുക്കപ്പെട്ടു. ഒപ്പം ആരോഗ്യമേഖലയിലും വിദ്യാഭ്യാസ രംഗത്തുമെല്ലാം 2024നേക്കാൾ മികച്ച 2025 നമ്മൾ സാധ്യമാക്കി. തീർച്ചയായും ഈ മികവ് തുടരുന്ന വർഷമായിരിക്കും 2026. 

കൊച്ചിൻ കാൻസർ റിസർച്ച് സെൻ്ററിൽ 159 തസ്തികകൾ പുതുതായി സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ച വിവരവും മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റ് വഴി അദ്ദേഹം പങ്കുവച്ചിരുന്നു. 91 സ്ഥിരം തസ്തികകളും 68 കരാർ തസ്തികകളും ഉൾപ്പെടെയാണിത്. കാൻസർ സെൻ്റർ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ തസ്തികകൾ സൃഷ്ടിച്ചത്. ആശുപത്രി വിപുലീകരണത്തിൻ്റെ വിവിധ ഘട്ടങ്ങളിലേക്കാവശ്യമായ ജീവനക്കാരുടെ എണ്ണം കണക്കാക്കുന്നതിന് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശയുടെ കൂടി അടിസ്ഥാനത്തിലാണ് തസ്തിക സൃഷ്ടിച്ചിരിക്കുന്നത്. 100 ബെഡുകളുമായാണ് കാൻസർ സെൻ്ററിൻ്റെ ഒന്നാം ഘട്ട പ്രവർത്തനം ആരംഭിക്കാനൊരുങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ENGLISH SUMMARY:

Kerala achievements in 2025 included significant milestones across various sectors. The Invest Kerala Global Summit secured substantial investment pledges, and the state excelled in Ease of Doing Business rankings, alongside advancements in healthcare and education.