മലപ്പുറം പ്രസ്താവന സംബന്ധിച്ച ചോദ്യങ്ങളോട് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്ത സംഭവത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി പിവി അന്‍വര്‍. കഴിഞ്ഞ 9 വർഷത്തിനിടയിൽ  സ്കൂൾ തുടങ്ങാൻ അനുവാദം തരേണ്ടത് ആരാണെന്നും,  ഏതു സർക്കാർ ആണെന്നും പിണറായി സര്‍ക്കാരിനെ ഉന്നമിട്ട് അന്‍വര്‍ ചോദിക്കുന്നു. കേരളത്തെ സാമുദായികമായി ചേരി തിരിച്ചു നിർത്തി അധികാരം കൈക്കലാക്കാൻ സാധിക്കില്ല എന്നത് ഓർക്കുക. രാജ്യത്തില്‍ രാഷ്ട്രീയമായി ഏറ്റവും ഉദ്ബുദ്ധരായ ജനതയാണിതെന്നും അദ്ദേഹം കുറിച്ചു. 

സംഭവത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമും രംഗത്തെത്തി. വെള്ളാപ്പള്ളി പിന്തുണക്കുന്ന, വെള്ളാപ്പള്ളിയെ പിന്തുണക്കുന്ന സർക്കാരാണ് കഴിഞ്ഞ ഒമ്പതര വർഷമായി കേരളത്തിൽ അധികാരത്തിലുള്ളതെന്നും, വെള്ളാപ്പള്ളിയുടെ ഒക്കച്ചങ്ങാതിയായ, വെള്ളാപ്പള്ളിയെ കാറിൽക്കേറ്റി നടക്കുന്ന മുഖ്യമന്ത്രിയാണ് കഴിഞ്ഞ ഒമ്പതര വർഷമായി കേരളത്തിൽ അധികാരക്കസേരയിലുള്ളതെന്നും കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം കുറിച്ചു. 

' വെള്ളാപ്പള്ളിയുടെയോ അദ്ദേഹത്തിൻ്റെ സംഘടനയുടേയോ ന്യായമായ ഏതെങ്കിലും ആവശ്യങ്ങൾ ഇക്കാലയളവിനുള്ളിൽ പരിഗണിക്കപ്പെട്ടിട്ടില്ല എങ്കിൽ അതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കേണ്ടത് സർക്കാരും സിപിഎമ്മും മുഖ്യമന്ത്രിയും തന്നെയാണ്.

കേരളത്തിൽ വിവിധ സമുദായങ്ങൾക്കും സാമൂഹ്യ വിഭാഗങ്ങൾക്കും സർക്കാർ അനുവദിച്ചിട്ടുള്ള എയ്ഡഡ് സ്ഥാപനങ്ങളുടെ വിശദമായ പട്ടിക പുറത്തുവിടണം. ഇക്കാര്യത്തിൽ ജില്ല തിരിച്ചുള്ള പട്ടികയും പുറത്തുവരണം. ഏതെങ്കിലും വിഭാഗങ്ങൾക്കോ പ്രദേശങ്ങൾക്കോ ജനസംഖ്യാനുപാതികമായി സ്ഥാപനങ്ങൾ ലഭിച്ചിട്ടില്ലെങ്കിൽ അക്കാര്യം പ്രത്യേകം പരിഗണിച്ച് പരിഹാരമുണ്ടാക്കണം. ചുരുക്കത്തിൽ എയ്ഡഡ് സ്ഥാപനങ്ങൾ അനുവദിക്കുന്ന കാര്യത്തിൽ സാമൂഹിക നീതിയും പ്രദേശിക സന്തുലനവും ഉറപ്പുവരുത്തണം.

പിന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാരിൽ നിന്ന് വാങ്ങിയെടുക്കുന്നത് ഏതെങ്കിലും പ്രദേശത്തിൻ്റേയോ ഏതെങ്കിലും ജനവിഭാഗങ്ങളുടേയോ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പരിഹരിക്കാനും സാമൂഹിക ഉന്നമനം ഉറപ്പുവരുത്താനുമാണെന്നും കോഴ വാങ്ങി നിയമനം നടത്താനല്ലെന്നും മാനേജ്മെൻ്റുകളും സംഘടനകളും മനസ്സിലാക്കണം. നിയമനങ്ങളിലും പ്രവേശനങ്ങളിലും സുതാര്യതയും മെറിറ്റും നീതിയുമാകണം മാനദണ്ഡം, പണക്കൊഴുപ്പും സ്വാധീനവുമാകരുത്. നിലവിൽ വെള്ളാപ്പള്ളിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ ഇക്കാര്യത്തിൽ മാതൃക കാട്ടാനായാൽ അദ്ദേഹത്തിൻ്റെ തുടർന്നുള്ള ആവശ്യങ്ങൾക്കൊപ്പവും നിൽക്കാൻ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ കേരളീയർ കൂടെയുണ്ടാവും'.– വിടി ബല്‍റാം വ്യക്തമാക്കുന്നു. 

മലപ്പുറത്ത് ഈഴവര്‍ക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. പിന്നാക്കവിഭാഗക്കാര്‍ക്ക് ഒരു പള്ളിക്കൂടമോ കോളജോ ഹയര്‍സെക്കൻഡറി സ്‌കൂളോ ഇല്ല. വോട്ടുകുത്തിയന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നാക്ക വിഭാഗക്കാർ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഇത്രനാളായിട്ടും അതിന്റെ ഗുണഫലങ്ങളുടെ ഒരംശം പോലും മലപ്പുറത്തെ പിന്നാക്കവിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ തകര്‍ന്നടിഞ്ഞത് ഇവിടുത്തെ പിന്നാക്കക്കാരുടെ സ്വപ്‌നങ്ങളാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു. 

ENGLISH SUMMARY:

Vellappally Natesan's Malappuram statement has sparked controversy. The statement has led to reactions from PV Anvar and VT Balram, raising questions about educational institutions and social justice in Kerala.