തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ വിദ്യാഭ്യാസമന്ത്രിക്ക് ഒരു കോള്‍, ഹലോ വിദ്യാഭ്യാസ മന്ത്രിയല്ലേ, കുട്ടിയുടെ ശബ്ദത്തില്‍ വന്ന കോളിന് മറുപടിയായി, അതെ ‘വിദ്യാഭ്യാസ, തൊഴിൽ മന്ത്രി’ എന്ന് തിരുത്തി മറുപടി നല്‍കി. അവധിക്കാലത്ത് സ്കൂളില്‍ ക്ലാസ് എടുക്കുന്നുവെന്നായിരുന്നു ആ കുട്ടിയുടെ പരാതി. മോന്റെ പേരെന്താ എന്ന് മന്ത്രി, കുട്ടി പേര് പറഞ്ഞു, തന്റെ പേര് സ്കൂളില്‍ പറയല്ലേെയന്നായി കുട്ടിയുടെ അടുത്ത ആവശ്യം. മന്ത്രി അതും സമ്മതിച്ചു.
എവിടെയാണ് ക്ലാസ് എടുക്കുന്നതെന്ന് മന്ത്രി കുട്ടിയോട് ചോദിച്ചു. കീഴ്പയ്യൂർ എയുപി സ്കൂളിൽ എന്ന് മറുപടി. അപ്പോഴേക്കും കുട്ടിയുടെ ഫോൺ വിളിയിൽ അമ്മയുടെ ഇടപെടൽ. കുറച്ച് സമയമേ ക്ലാസ് എടുക്കുന്നുള്ളൂ എന്നും യുഎസ്എസ് ക്ലാസാണെന്നും അമ്മ വിശദീകരിച്ചു. എന്നാല്‍ അമ്മയോട് കുട്ടിയുടെ കയ്യിൽ ഫോൺ കൊടുക്കാൻ മന്ത്രി ആവശ്യപ്പെട്ടു.
മോന്റെ പേര് പറയില്ലെന്നും എന്നാൽ അവധി ദിവസങ്ങളിൽ ക്ലാസെടുക്കേണ്ട എന്നു മന്ത്രി പറഞ്ഞതായി സ്കൂളിൽ പറയണമെന്നും വി ശിവന്‍കുട്ടി. അവധിക്കാലം കളിക്കേണ്ട സമയമാണെന്നും എപ്പോഴും ട്യൂഷനെടുത്ത് പഠിപ്പിക്കേണ്ട കാര്യമില്ലെന്നും കുട്ടിയുടെ അമ്മയോട് മന്ത്രി സൂചിപ്പിച്ചു.
കുട്ടികൾ പഠിക്കേണ്ട സമയത്ത് പഠിക്കുകയും കളിക്കേണ്ട സമയത്ത് കളിക്കുകയും വേണമെന്ന് ഓർമിപ്പിച്ചാണ് മന്ത്രി കോൾ അവസാനിപ്പിച്ചത്. മന്ത്രിക്ക് താങ്ക്സ് പറഞ്ഞാണ് ആ കുട്ടിശബ്ദം കോൾ അവസാനിപ്പിച്ചത്.