കോഴിക്കോട് ഈങ്ങാപ്പുഴയിലെ യുവതിയുടെ ആത്മഹത്യക്ക് പിന്നില്‍ ലഹരി ഇടപാടുകാര്‍ക്ക് പങ്കുണ്ടാകാം എന്ന നിഗമനത്തില്‍ പൊലിസ്. യുവതിയുടെ ഓഡിയോ സന്ദേശവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. എന്നാല്‍ കൊടി സുനി അടക്കമുള്ളവരുമായി ഇവര്‍ക്ക് ബന്ധമില്ലെന്നാണ് വിലയിരുത്തല്‍.
മരിക്കുന്നതിന് രണ്ടാഴ്ച്ച മുമ്പ് സുഹൃത്ത് ആദിലിന് അയച്ച വാട്സാപ്പ് സന്ദേശത്തിലാണ് കൊടി സുനി അടക്കമുള്ളവരുമായി ലഹരി ഇടപാട് നടത്തിയതിന്‍റെ വിവരങ്ങള്‍ പുറത്തുപറയുമെന്ന് ഹസ്ന പറയുന്നത്.‘എന്റെ ജീവിതം പോയെന്നും ഇനിയെല്ലാം പുറത്തു പറയുമെന്നും ഹസ്ന പറയുന്നു, നമ്മളടിക്കുന്ന ലഹരിവിവരവും സോഷ്യല്‍മീഡിയയിലൂടെ വിളിച്ചു പറയും, കൊടി സുനി മുതല്‍ ഷിബുവരെ കുടുങ്ങുമെന്നും ഹസ്ന കരഞ്ഞുകൊണ്ട് പറയുന്ന ശബ്ദമാണ് പുറത്തുവന്നത്. അതേസമയം ഹസ്ന ലഹരി ഉപയോഗിച്ചതിനെക്കുറിച്ച് വീട്ടുകാര്‍ക്കാര്‍ക്കും അറിയില്ല. ഈ സാഹചര്യത്തിലാണ് ശബ്ദ സന്ദേശത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടത്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ഹസ്നയുടെ സുഹൃത്ത് ആദിലിനെ പൊലിസ് ചോദ്യം ചെയ്തു. എന്നാല്‍ ഇയാളില്‍ നിന്ന് കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. ആദിലിനും ഹസ്നക്കും ലഹരി ഇടപാടുകാരുമായി ബന്ധമുണ്ടാകാം എന്നാണ് പൊലിസിന്‍റെയും വിലയിരുത്തല്‍. എന്നാല്‍ ഈ ഓഡിയോ സന്ദേശത്തിനപ്പുറം കൃത്യമായ തെളിവോ തുമ്പോ ലഭിച്ചിട്ടില്ല. ഇതില്‍ പറയുന്നത് പോലെ കൊടി സുനി, ഷിബു എന്നിവര്‍ക്ക് ഇവരുമായി ബന്ധമുണ്ടെന്ന് പൊലിസ് വിശ്വസിക്കുന്നില്ല.
തെറ്റിദ്ധരിച്ച് പറഞ്ഞതാകാം എന്നാണ് വിലയിരുത്തല്‍. എങ്കിലും ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടക്കുകയാണ്. എട്ടുമാസം മുമ്പ് ഭര്‍ത്താവിനെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച് ആണ്‍സുഹൃത്തിനൊപ്പം പോയ ഹസ്നക്ക് ക്രൂരമായ പീഡനമാണ് സുഹൃത്ത് ആദിലില്‍ നിന്ന് ഏല്‍ക്കേണ്ടി വന്നത്. ഡിസംബര്‍ 31ന് രാവിലെയാണ് ഹസ്നയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്‍റെ പരാതിയില്‍ കഴമ്പില്ലെന്ന നിലപാടാണ് പൊലിസിന്. എന്നാല്‍ അതിന് പിന്നാലെ പുറത്തായ ഓഡിയോ സന്ദേശത്തിലാണ് സംശയങ്ങളും ദുരൂഹതകളും ഉയരുന്നത്.