കോഴിക്കോട് നഗരത്തില്‍ വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ നാലുപേരെ പൊലീസ് പിടികൂടി. വിദ്യാര്‍ഥികളെ ലക്ഷ്യവെച്ചാണ് ബെംഗളൂരിവില്‍ നിന്ന് എംഡിഎംഎ എത്തിച്ചത്.
ഗോവിന്ദപുരത്തെ ലോഡ്ജില്‍ നിന്നാണ് വില്‍പ്പനയ്ക്കായി എത്തിച്ച 709 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വാണിമേല്‍ സ്വദേശി ഷംസീര്‍ അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു.
ബെംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ എത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പിടികൂടിയ ലഹരിമരുന്നിന് 24 ലക്ഷം രൂപ വിലവരും. ഷംസീര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പെരുമണ്ണയിലെ വാടകവീട്ടില്‍ നിന്ന് എട്ടുഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയത്. എംഡിഎംഎ വില്‍പ്പനയ്ക്കായി എത്തിച്ച തൊട്ടില്‍പ്പാലം സ്വദേശിയും വിമുക്തഭടനുമായ സിഗിന്‍ ചന്ദ്രന്‍, സുഹൃത്തുകളായ കുറ്റ്യാടി സ്വദേശി ദിവ്യ, നല്ലളം സ്വദേശി ഷാഫി എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.