v-sivankutty-02

മന്ത്രി വി.ശിവന്‍കുട്ടിയെ തന്നെയിറക്കി നേമം നിലനിര്‍ത്താന്‍ സിപിഎം. വി.ശിവന്‍കുട്ടി തന്നെ സ്ഥാനാര്‍ഥിയാകുമെന്നും മറ്റു ആലോചന പാര്‍ട്ടിക്കില്ലെന്നും സിപിഎം നേതൃത്വം സൂചന നല്‍കി. ബിജെപിക്ക് വേണ്ടി രാജീവ് ചന്ദ്രശേഖര്‍ മല്‍സരത്തിനിറങ്ങുമ്പോള്‍  കെ.എസ്. ശബരിനാഥന്‍ ഉള്‍പ്പടെയുള്ള നേതാക്കളാണ് കോണ്‍ഗ്രസിന്‍റെ പരിഗണിയിലുള്ളത്.

ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചെന്ന് സിപിഎം എല്ലാക്കാലവും അഭിമാനത്തോടെ പറയുന്നത് നേമത്തെ  വിജയം മുന്‍നിര്‍ത്തിയാണ് . തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നേടിയ മികച്ച വിജയമാണ്  നേമത്ത് മേല്‍കൈ അവകാശപ്പെടാന്‍ ബിജെപിക്ക് ആത്മവിശ്വാസമേകുന്നത്. നേമത്തു മല്‍സരിക്കാനില്ലെന്നായിരുന്നു ഇന്നലെ  സിറ്റിങ് എംഎല്‍എ കൂടിയായ മന്ത്രി വി.ശിവന്‍കുട്ടി ആദ്യം പറഞ്ഞത്.  ശിവന്‍കുട്ടിയുടെ പ്രസ്താവന  ബിജെപിയെ സഹായിക്കാനാണെന്നായിരുന്നു  എം.വിന്‍സെന്‍റ് എം.എല്‍.എയുടെ ആരോപണം . ഇതേ തുടര്‍ന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് ശിവന്‍കുട്ടി തിരുത്തി. കൂടുതല്‍ വിശദീകരണവുമായി പാര്‍ട്ടി സെക്രട്ടറി എം.വി .ഗോവിന്ദനുമെത്തി. മല്‍സരിക്കില്ലെന്ന്  പറഞ്ഞത് ശരിയല്ലെന്നും  ഒരു ചര്‍ച്ചയും ഇതുവരെയുണ്ടായിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു  

രാജീവ് ചന്ദ്രശേഖര്‍ മല്‍സരിക്കുമെന്ന് ഉറപ്പായതോടെ ശിവന്‍കുട്ടി അല്ലാതെ മറ്റാരും മണ്ഡലം നിലനിര്‍ത്താന്‍ പ്രാപ്തരല്ലെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തല്‍.  ഭരണവിരുദ്ധ വികാരത്തില്‍ സിപിഎ വീഴുമെന്നും താമര വീണ്ടും വിരിയുമെന്നുമുള്ള പ്രതീക്ഷയിലാണ് ബിജെപി. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തിലുണ്ടാക്കിയ നേട്ടം രാജീവ് ചന്ദ്രശേഖറിനെ  കുറച്ചൊന്നുമല്ല നേമം സീറ്റ് മോഹിപ്പിക്കുന്നത്.   

സിപിഎം ബിജെപി വമ്പന്‍മാര്‍ ഏറ്റുമുട്ടുന്ന മണ്ഡലമാണെങ്കിലും ഒരു വമ്പനെ ഇറക്കിയാല്‍ മണ്ഡലം പിടിക്കാമെന്നാണ് യുഡിഎഫ് കരുതുന്നത്. കടുത്ത മല്‍സരം നല്‍കണമെങ്കില്‍ പോലും സംസ്ഥാന പരിവേഷമുള്ള നേതാവ് നേമത്ത് വരണം. കെ.എസ്.ശബരിനാഥനെ നേമത്ത് മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ സജീവ ആലോചനയുണ്ട്.  Also Read: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ രാഹുല്‍ ഈശ്വറും; ‘മധ്യതിരുവിതാകൂറിലെ സീറ്റുകളില്‍ നോട്ടം’ .

ഐഎന്‍ടിയുസി നേതാവ് വി.ആര്‍.പ്രതാപ് , കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലെ താരം വൈഷ്ണ സുരേഷ് എന്നിവരും കോണ്‍ഗ്രസിന്‍റെ സാധ്യതാ പട്ടികയിലുണ്ട്.  ഭരണവിരുദ്ധവികാരത്തിനെതിരായ വോട്ട് കോണ്‍ഗ്രസിനു കിട്ടിയില്ലെങ്കില്‍ അത് പൂര്‍ണമായും ബിജെപിയിലേക്ക് പോകുമെന്നത് സിപിഎമ്മിനെ ഭയപ്പെടുത്തുന്നുണ്ട്. അതിനാല്‍ കോണ്‍ഗ്രസിന് കരുത്തുള്ള സ്ഥാനാര്‍ഥി വരണമെന്നാണ് സിപിഎമ്മും ആഗ്രഹിക്കുന്നത്. ഹൈ വോള്‍ട്ടേജ് മല്‍സരത്തിന് സ്ഥാനാര്‍ഥി പട്ടികയ്ക്കായി കാക്കുകയാണ് നേമത്തെ വോട്ടര്‍മാര്‍. 

ENGLISH SUMMARY:

The CPM has decided to field Minister V Sivankutty once again to retain the Nemom Assembly constituency. Party leaders have indicated that there are no alternative candidates under consideration for Nemom. With Rajeev Chandrasekhar set to contest for the BJP, the political battle in the capital is intensifying. The Congress is actively discussing strong candidates, including K S Sabarinathan, to challenge both CPM and BJP. Anti-incumbency sentiment and local body election results are shaping the strategies of all three fronts. Voters in Nemom are now waiting for the final candidate announcements ahead of a high-stakes contest.