അമ്മയായിരുന്നു എല്ലാം. സിനിമയുടെ ഇടവേളകളിലെല്ലാം അമ്മയ്ക്കൊപ്പം ചെലവിടാന്‍ മോഹന്‍ലാല്‍ ഓടിയെത്തും.. ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചപ്പോള്‍ ലാല്‍ ആദ്യം എത്തിയതും ശാന്തകുമാരിയമ്മക്കരികിലേക്കാണ്. അമ്മക്കരികില്‍എന്നും അച്ചടക്കമുള്ള കുഞ്ഞാണ് മോഹന്‍ലാല്‍. അമ്മയുടെ രോഗാവസ്ഥയെക്കുറിച്ച് പറയുമ്പോള്‍ കണ്ണില്‍ നനവ് പടരുന്ന ലാലിനെയും മലയാളികള്‍ ഓര്‍ക്കുന്നുണ്ടാകും.
തന്‍റെ വിജയങ്ങള്‍ക്കെല്ലാം പിന്നില്‍ അമ്മയാണെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. വീഴ്ചയിലും താഴ്ചയിലും തുണച്ച കൈകള്‍. ലാലിന്‍റെ ഇഷ്ട ചിത്രങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ ഒരു വലിയ നിര തന്നെയുണ്ട് ശാന്തകുമാരിയമ്മക്ക് പറയാന്‍. അതില്‍ എന്നും മുന്നില്‍ നിന്നത് 'ചിത്രം' ആണ്. താന്‍ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞപ്പോള്‍ ലാലിനെ വേദനിപ്പിച്ചത് അമ്മയെ ആ സിനിമ കാണിക്കാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു.
ലോകത്തിന്‍റെ ഏത് കോണിലാണെങ്കിലും അമ്മയുടെ പിറന്നാൾ ദിനത്തിൽ ലാല്‍ അരികെയുണ്ടാകും. 2024ലെ അമ്മയുടെ പിറന്നാള്‍ ആഘോഷം സൈബറിടത്ത് മധുരമുള്ള ഒരു ഓര്‍മയായി ഇന്നും അവശേഷിക്കുന്നുണ്ട്.
ഇന്ന് ശാന്തകുമാരിയമ്മ ലോകത്തോട് വിട പറഞ്ഞെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഉള്ളുപിടയുന്ന പ്രിയനടന്‍റെ മുഖമായിരിക്കും മലയാളികളുടെ മനസില്‍ തെളിയുന്നത്. അത്രത്തോളം പ്രക്ഷകര്‍ക്ക് സുപരിചതമാണ് ആ ആത്മബന്ധം. കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു ശാന്തകുമാരിയുടെ അന്ത്യം. സംസ്കാരം നാളെ നടത്തും. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.