mohanlal-movies

ഈ വര്‍ഷം മോളിവുഡിലെ ഷോ സ്റ്റീലര്‍ ആരാണ്? രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല, അത് മോഹന്‍ലാല്‍ തന്നെ.  പോയ വര്‍ഷങ്ങളില്‍ കേട്ട പഴികള്‍ക്ക് കണക്ക് സഹിതമാണ് ഇത്തവണ മറുപടി കൊടുത്തത്. അത് ബോക്സ് ഓഫീസ് കളക്ഷനിലായാലും, അഭിനയത്തിലായാലും,  തൊട്ടതെല്ലാം പൊന്നാക്കി മോഹന്‍ലാല്‍. എന്തിന് റീറിലീസ് ചിത്രങ്ങള്‍ പോലും തിയേറ്ററുകള്‍ കുലുക്കി. ബോക്സ് ഓഫീസില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ പണം വാരിയ മോളിവുഡ് താരവും മോഹന്‍ലാല്‍ തന്നെ. 

മോളിവുഡ് ആകാംക്ഷയോടെ കാത്തിരുന്ന 'എല്‍2 എമ്പുരാന്‍റെ' വരവ് മാര്‍ച്ചിലായിരുന്നു. മലയാളത്തില്‍ ആദ്യമായി 200 കോടി കളക്ഷന്‍ നേടിയ ലൂസിഫറിന്‍റെ സീക്വലായതിനാല്‍ ‘എമ്പുരാന്’ മേല്‍ പ്രതീക്ഷകള്‍ സ്വാഭാവികമായും അതീവ വലുതായിരുന്നു. രാജ്യത്തിനകത്തുനിന്ന്  മാത്രമല്ല രാജ്യാന്തരതലം വരെ നീണ്ടു സ്റ്റാര്‍ കാസ്റ്റ് .  എന്നാല്‍ പ്രതീക്ഷിച്ച സമീപനമായിരുന്നില്ല 'എമ്പുരാന്' തിയേറ്ററില്‍ ലഭിച്ചത്.  പ്രേക്ഷകരുടെ പ്രതികരണം  സമ്മിശ്രമായിരുന്നു. പക്ഷേ അത് കളക്ഷനെ ബാധിച്ചില്ല. ആഗോള ബോക്സ് ഓഫീസില്‍ നിന്നും ചിത്രം നേടിയത് 266 കോടിയാണ്. ആദ്യദിനത്തില്‍ ഇന്ത്യയിലെ കളക്ഷന്‍ 60 കോടിയിലധികമായിരുന്നു. കേരളത്തില്‍ നിന്ന് മാത്രമുള്ള കളക്ഷന്‍ 14 കോടിയും. 

mohanlal-apology-empuraan

ഏപ്രിലില്‍ 'തുടരും' വന്നു. കുറേയേറെ കാലത്തിന് ശേഷം തിയേറ്ററില്‍ മോഹന്‍ലാലിന് എന്ത് ചെയ്യാന്‍ സാധിക്കുമെന്നതിന്‍റെ നേര്‍കാഴ്ചയാണ് പിന്നീട് കണ്ടത്. സ്റ്റേഷനിലെ ചാട്ടത്തില്‍ കുലുങ്ങിയത് തിയേറ്ററൊന്നാകെയാണ്. കാടേറിയ കൊമ്പന്‍ അറിഞ്ഞാടിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ നേടിയത് 234 കോടിയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 121 കോടിയും. 

ഓഗസ്റ്റിലായിരുന്നു 'ഹൃദയപൂര്‍വ്വം' റിലീസ് ചെയ്തത്. മോഹന്‍ലാല്‍– സത്യന്‍ അന്തിക്കാട് കോമ്പോ വീണ്ടും ഒന്നിക്കുന്നു എന്നത് പ്രേക്ഷകരില്‍ പ്രതീക്ഷയുണര്‍ത്തി. ഓണം ക്ലാഷില്‍ 'ലോക'ക്ക് പിന്നിലായെങ്കിലും കളക്ഷനില്‍ ചിത്രം പിന്നില്‍ പോയില്ല. 76 കോടിയാണ് 'ഹൃദയപൂര്‍വ്വം' നേടിയ കളക്ഷന്‍. 

mohanlal-mass-thudarum

റീ റിലീസിലും മോഹന്‍ലാല്‍ ചിത്രങ്ങള്‍ അദ്ഭുതം തീര്‍ത്തു. പല റീ റിലീസ് ചിത്രങ്ങളും തിയേറ്ററുകളില്‍ പതറിയപ്പോള്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കി. 'രാവണപ്രഭു' 4.70 കോടിയും 'ഛോട്ടാ മുംബൈ' 4.37 കോടിയും നേടി. അങ്ങനെ പുതിയ റിലീസുകളും റീ റിലീസുകളും എല്ലാം കൂട്ടിനോക്കുമ്പോള്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഇക്കൊല്ലം ബോക്സ് ഓഫീസ് കുലുക്കി നേടിയത് 585.07 കോടി രൂപയാണ്. 

കണക്കുകളാണ് ഇവിടെ സംസാരിക്കുന്നത്. പുതിയ ചിത്രങ്ങളായാലും റീ റിലീസുകളായാലും പ്രേക്ഷകന്‍ വീണ്ടും വീണ്ടും തിയേറ്ററിലേക്കെത്തിയത് ഒരേ പേരിനുവേണ്ടിയാണ്, മോഹന്‍ലാല്‍. 585 കോടിയുടെ ആഗോള കളക്ഷനോടെ അദ്ദേഹം വീണ്ടും ഉറപ്പിച്ചിരിക്കുന്നത് ഇതാണ്: മോഹന്‍ലാല്‍ ഒരു താരം മാത്രമല്ല, മോളിവുഡിന്റെ ബോക്സ് ഓഫീസ് വിശ്വാസമാണ്.

ENGLISH SUMMARY:

Mohanlal dominates the Mollywood box office. With a total collection of ₹585.07 crore from new releases and re-releases, he has proven to be a reliable star and box office draw for the Malayalam film industry in 2024.