ബാംഗ്ലൂരിലെ യെലഹങ്കയിൽ നടന്ന കുടിയൊഴിപ്പിക്കലിന്‍റെ പശ്ചാത്തലത്തില്‍, സിപിഎം നേതാവ് എം സ്വരാജ് കോണ്‍ഗ്രസിനെതിരെ ഫെയ്സ്ബുക്കിലിട്ട പോസ്റ്റിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കണ്ടന്‍റ് ക്രിയേറ്റര്‍ ഇർഷാദ് ലാവണ്ടർ. സ്വരാജിന്‍റെ പോസ്റ്റില്‍, പ്രൊഫ. ഈച്ചരവാര്യരെപ്പറ്റിയും, അടിയന്തരാവസ്ഥയെപ്പറ്റിയും പരാമര്‍ശിച്ചുകൊണ്ടാണ് യലഹങ്കയിലെ സംഭവത്തെപ്പറ്റി വിശദീകരിക്കുന്നത്. കൂട്ടക്കുരുതികളുടെ ചോരപുരണ്ട ചരിത്രമാണ് സ്വാതന്ത്ര്യാനന്തര കോൺഗ്രസിന്റേതെന്നും പോസ്റ്റില്‍ സ്വരാജ് പറയുന്നു. അതിനെതിരയാണ് ഇർഷാദ് രംഗത്തെത്തിയിരിക്കുന്നത്.
'പ്രമുഖ യൂട്യൂബർ പ്രിയ സ്വരാജ് സാറിന്റെ പോസ്റ്റ് വായിച്ചു. അങ്ങ് ഈച്ചര വാര്യറിൽ തുടങ്ങി യെഹങ്കയിൽ അവസാനിപ്പിക്കുന്ന പോസ്റ്റിൽ കോൺഗ്രസ്സിന്റെ ഭരണകൂട വേട്ടകളെ പരാമർശിക്കുന്നത് കണ്ടു. അങ്ങയോടും ചിലത് ചോദിക്കട്ടെ..
2009 മെയ് 17, ശാന്തമായൊഴുകിയ ബീമാപ്പള്ളി കടൽ തീരത്ത് കാക്കിയിട്ട ഭീകരന്മാർ ഇരച്ച് കയറി കൺമുന്നിൽ കണ്ടവരെയൊക്കെ വെടി വെച്ച് വീഴ്ത്തുമ്പോൾ പൊലീസ് തോക്കുകളിൽ നിന്ന് ചിന്നി ചിതറിയത് എഴുപത് വെടിയുണ്ടകളാണ്. 200 മീറ്റർ പിറകെ ഓടിയാണ് കാക്കിയിട്ട ഭീകരന്മാർ നാട്ടുകാരെ വെടി വെച്ച് വീഴ്ത്തിയത്.
നെഞ്ചിലും കാലിലും തലയിലും ബുള്ളറ്റുകൾ ഇരച്ച് കയറി കടൽത്തീരത്ത് മരിച്ച് വീണത് പതിനാറ് വയസ്സുള്ള കുട്ടി അടക്കം ഒൻപത് മുസ്ലിങ്ങളാണ്. ശരീര ചലനം നഷ്‌ടപ്പെട്ടും, നടക്കാൻ കഴിയാതെയും, അധ്വാനിക്കാനാവാതെയും പരിക്കേറ്റ് നരകിക്കുന്നവർ 43 മുസ്ലിങ്ങളാണ്.
പ്രകോപനങ്ങളില്ലാതെ, ഉത്തരവുകളില്ലാതെ, നടപടി ക്രമങ്ങൾ ഒന്നും പാലിക്കാതെ ബീമാപ്പള്ളിയെ കുരുതി കളമാക്കുമ്പോൾ ഭരിച്ചത് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ്. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണൻ. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു അന്നത്തെ പാർട്ടി സെക്രട്ടറി.
ഒൻപത് മനുഷ്യരെ കൊന്നൊടുക്കിയതിന്റെ പേരിൽ പൊലീസിൽ ഒരാളും പെൻഷൻ വാങ്ങാതിരുന്നിട്ടില്ല. വിഎസ്സ് പാർട്ടിയിൽ വിശദീകരണം നൽകേണ്ടി വന്നിട്ടില്ല. കോടിയേരി എന്ന പൊലീസ് മന്ത്രി രാജി വെച്ചിട്ടില്ല. നഷ്‌ടപ്പെട്ടത് ബീമാപള്ളിയിലെ മുസ്ലിങ്ങൾക്ക് മാത്രമാണ്.
യെഹങ്കയിലെ ജനങ്ങളുടെ നഷ്‌ടം സർക്കാറിന് നികത്താൻ കഴിയുന്നതാണ്. എന്നാൽ 9 മനുഷ്യരെ കൊന്നൊടുക്കിയ, 43 മുസ്ലിങ്ങളെ ജീവിക്കുന്ന രക്തസാക്ഷികളാക്കിയ ബീമാപ്പള്ളിക്കാരുടെ നഷ്‌ടം എം സ്വരാജിന്റെ പാർട്ടിക്ക് നികത്താനാവാത്തതാണ്.
അടുത്തതായി കസ്റ്റഡിയിൽ മരിച്ച രാജന്റെ പിതാവ് ഈച്ചര വാര്യരെ പരാമർശിച്ചു കണ്ടു. 2019 മാർച്ച് ആറ്. വൈത്തിരിയിൽ പൊലീസ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടി സി പി ജലീൽ എന്ന മാവോയിസ്റ്റിനെ വെടി വെച്ച് കൊന്നു എന്ന വാർത്തയാണ് കേരളം കേട്ടത്.
നൂറ് കണക്കിന് വെടികൾ പൊലീസിന് നേരെ ഉതിർത്തപ്പോൾ പൊലീസ് തിരിച്ച് വെടി വെച്ചു എന്നാണ് ഔദ്യോഗിക റിപ്പോർട്ട്. എന്നാൽ ഫോറൻസിക് റിപ്പോർട്ട് ഏറെ കഴിയും മുമ്പ് തന്നെ പുറത്ത് വന്നു. ഗുജറാത്തിലും, യു പിയിലും നടക്കുന്നത് പോലെ പൊലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടൽ കഥയായിരുന്നു വൈത്തിരിയിലേത്.
സിപി ജലീൽ വെടിയുതിർത്തിട്ടില്ല. ഏറ്റുമുട്ടൽ നടന്നിട്ടുമില്ല. ഒരൊറ്റ വെടിയുണ്ട പോലും സംഭവ സ്ഥലത്ത് നിന്ന് കിട്ടിയിട്ടുമില്ല. പൊലീസ് മെനഞ്ഞ സമർത്ഥമായ തിരക്കഥയായിരുന്നു വൈത്തിരി വ്യാജ ഏറ്റുമുട്ടൽ. അതിന്റെ പേരിലും ഒരു പൊലീസുകാരനും നടപടി നേരിടേണ്ടി വന്നിട്ടില്ല.
പതിറ്റാണ്ടുകൾ മുന്നേയുള്ള രാജൻ കേസ് ലൈവായി നിർത്തുമ്പോൾ. പിണറായിക്കാലത്തെ വ്യാജ ഏറ്റുമുട്ടൽ കാണാതിരിക്കാനുള്ള തിമിരം ബാധിച്ചിട്ടുണ്ട് എം സ്വരാജിന്.
താമിർ ജിഫ്രിയെ കസ്റ്റഡിയിൽ നിന്ന് മർദ്ദിച്ച് കൊന്നതും പിണറായി കാലത്താണ്. വാരാപ്പുഴയിലെ ശ്രീജിത്തും, ഷെരീഫുമൊക്കെ പൊലീസ് ഭീകരതയിൽ കസ്റ്റഡിയിൽ മരണപ്പെട്ടവരാണ്. പിണറായിക്കാലത്തെ കസ്റ്റഡി മരണങ്ങൾ, വ്യാജ ഏറ്റുമുട്ടലുകൾ ഒക്കെ മറച്ച് പിടിച്ച് പതിറ്റാണ്ടുകൾ പിറകിലേക്ക് സഞ്ചരിക്കേണ്ടതില്ല പ്രിയ സ്വരാജ്.
യെഹങ്കയിൽ മുസ്ലിങ്ങൾ ഭൂരിപക്ഷമുള്ള കോളനി പൊളിച്ച് നീക്കിയിട്ടുണ്ട്. അനീതി തന്നെയാണത്. സർക്കാർ തന്നെ പുനരധിവാസം നടത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ബീമാപ്പള്ളിയിൽ ഇടത് ഗവൺമെൻ്റ് കൊന്നു കളഞ്ഞ 9 മനുഷ്യരുടെ ജീവൻ. 43 പേരുടെ ആരോഗ്യം. ഇതൊക്കെ തിരിച്ചു കൊടുക്കാൻ കഴിയുമോ സ്വരാജിന്റെ പാർട്ടിക്ക്.
നിങ്ങളുടെ ക്യാമറ പതിറ്റാണ്ടുകൾ പുറകിലേക്കും, കർണ്ണാടകയിലേക്കും തിരിച്ചു വെക്കുമ്പോൾ കൺമുന്നിലെ യാഥാർത്ഥ്യം കാണാതിരിക്കരുത്.
പിണറായി സർക്കാറും, വി എസ് സർക്കാറും അത്രമേൽ ക്രൂരതകൾ പാവം ജനങ്ങൾക്ക് മേൽ നടത്തിയിട്ടുണ്ട്. സത്യാനന്തര കാലത്ത് ഇടത് കണ്ണടച്ച് പിടിച്ചാൽ സ്വരാജിന് മാത്രമേ ഇരുട്ടാവുകയുള്ളൂ'.– ഇർഷാദ് ലാവണ്ടർ വിമര്‍ശിക്കുന്നു.