പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട അനീഷ് വരിക്കണ്ണാമലയെപ്പറ്റി ഫെയ്സ്ബുക്ക് പോസ്റ്റുമായി ഭാര്യ അഞ്ജലി. പ്രയാസമേറിയ പോരാട്ടങ്ങളിൽ ആയിരുന്നു എങ്കിലും, നീതിപൂർവ്വമായി മുന്നോട്ട് പോയി എന്നത് അഭിമാനകരമാണെന്ന് അഞ്ജലി പ്രിയതമനെപ്പറ്റി കുറിച്ചു.
ഈ ദിവസത്തിന് എൻ്റെ ആശംസകൾ. ഉറങ്ങാത്ത രാത്രികളിലും പുറത്തിറങ്ങാതെയിരുന്ന ദിവസങ്ങളിലും നമ്മൾ പറഞ്ഞിരുന്നു ഈ സമയം കടന്ന് പോകുമെന്ന്. പങ്കുവയ്ക്കാൻ മടിച്ച രാഷ്ട്രീയ പ്രതിസന്ധികളിലാണെന്ന് മനസ്സിലാക്കി തന്നെയാണ് മുന്നോട്ട് പോയത്.
പ്രയാസമേറിയ പോരാട്ടങ്ങളിൽ ആയിരുന്നു എങ്കിലും നീതിപൂർവ്വമായി മുന്നോട്ട് പോയി എന്നത് അഭിമാനകരമാണ്. തിരിച്ച് കിട്ടാത്ത ആ ദിവസങ്ങൾ ഞങ്ങൾക്കും നഷ്ട ദിനങ്ങൾ ആണ്. കാരണം പിന്നിട്ട കാലമത്രയും മുൻഗണന കോൺഗ്രസ് ആയിരുന്നു.
അമ്മക്കും എനിക്കും മക്കൾക്കും അതിൽ പരിഭവം ഇല്ല. പ്രസ്ഥാനത്തോട് ഞങ്ങളും സൂക്ഷിക്കുന്നത് നിങ്ങളെക്കാൾ വലിയ വൈകാരികതയാണ്. പുതിയ ചുമതലയിൽ ഏറെ സന്തോഷം. ഇന്നലെ പോലെ നീതിപൂർവ്വമായും ഉറപ്പുള്ളതുമായ നിലപാട് തുടരുക. നിയോഗങ്ങൾ ഉണ്ടെങ്കിൽ അവയോട് നീതി പുലർത്തുക. വർത്തമാന കാലത്ത് ജീവിക്കുക. ഭാവി തേടുന്ന തലമുറകളെ കരുതുക. എപ്പോഴും നിങ്ങളാണ് ശരി, ആശംസകൾ.– അഞ്ജലി കുറിച്ചു.