varkala-vandebharath-accident

റെയില്‍വേ ക്രോസ് മുറിച്ചു കടക്കുന്നതിനിടെ വാഹനങ്ങള്‍ ട്രെയിനുകളുമായി കൂട്ടിയിടിച്ചുണ്ടായ അപകട വാര്‍ത്തകള്‍ സ്ഥിരം കേള്‍ക്കുന്നതാണ്. എന്നാല്‍, റെയില്‍വേ പ്ലാറ്റ്ഫോമില്‍ വാഹനം ഓടിച്ച് കയറ്റി, റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞുവീണ് ഒരു ട്രെയിനിനെ അപകടത്തിലാക്കുന്നത് ആദ്യമായിട്ട് കേള്‍ക്കുന്നതാകാം. അതാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം വര്‍ക്കലയ്ക്ക് അടുത്തുള്ള അകത്തുമുറിയില്‍ സംഭവിച്ചത്.

vande-bharath

അപകടം ഇങ്ങനെ...

ചൊവ്വാഴ്ച‌ രാത്രി പത്തരയോടെയാണ്, കാസര്‍കോട് നിന്ന് പുറപ്പെട്ട വന്ദേഭാരത് ട്രെയിന്‍ അകത്തുമുറിയില്‍ അപകടത്തില്‍ പെട്ടത്. അകത്തുമുറി റെയില്‍വേ സ്റ്റേഷന്‍ കടക്കവേയാണ് ട്രാക്കില്‍ മറിഞ്ഞ് കിടന്നിരുന്ന ഓട്ടോയില്‍ വന്ദേഭാരത് ഇടിച്ചത്. വാര്‍ത്ത കേട്ടയുടന്‍ എല്ലാവരും ചോദിച്ച ചോദ്യം ഇതായിരുന്നു... ‘സ്റ്റേഷന് അകത്തെ ട്രാക്കില്‍ ഓട്ടോ എങ്ങനെ എത്തി? പ്ലാറ്റ്ഫോമില്‍ കയറാതെ ട്രാക്കിലേക്ക് വണ്ടി മറിയുമോ?’

പ്ലാറ്റ്ഫോമിന്‍റെ പിറകില്‍ ഒരു ഇടവഴിയുണ്ട്. ആ ഇടവഴിയില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാന്‍ കഴിയുന്ന വിധം ഒരു താല്‍ക്കാലിക വഴിയുമുണ്ട്. പ്ലാറ്റ്ഫോമില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ അതിലേക്കുളള സാധന സാമഗ്രികള്‍ എത്തിക്കാനാണ് ഈ താല്‍ക്കാലിക വഴി. ഇടവഴിയിലൂടെ വന്ന ഓട്ടോറിക്ഷ വഴി മാറി, ഈ താല്‍ക്കാലിക വഴിയിലൂടെ പ്ലാറ്റ്ഫോമിലേക്ക് കയറിയതാകാനാണ് സാധ്യത. പ്ലാറ്റ്ഫോമിലെ കോണ്‍ക്രീറ്റ് തിട്ടയില്‍ ഇടിച്ചാകാം ഓട്ടോ ട്രാക്കിലേക്ക് വീണത്. ഓട്ടോ ട്രാക്കിലേക്ക് വീണപ്പോള്‍ ഡ്രൈവര്‍ പ്ലാറ്റ്ഫോമിലേക്ക് തെറിച്ചുവീണു. പിന്നാലെ എത്തിയ വന്ദേഭാരത് ഓട്ടോയിലിടിച്ചു. മുന്നില്‍ കുരുങ്ങിയ ഓട്ടോയും കൊണ്ട് ട്രെയിന്‍ കുറച്ച് ദൂരം മുന്നോട്ട് പോയി നിന്നു.

ഡ്രൈവര്‍ മദ്യ ലഹരിയില്‍; ജാമ്യമില്ല വകുപ്പില്‍ കേസ്

അപകട ശബ്ദം കേട്ട് പ്രദേശവാസികള്‍ ഓടിക്കൂടിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍ കല്ലമ്പലം സ്വദേശി സുധി പ്ലാറ്റ്ഫോമില്‍ വീണ് കിടക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ എഴുന്നേല്‍പ്പിച്ചു. ഇയാള്‍ മദ്യലഹരിയില്‍ ആണോയെന്ന സംശയം അപ്പോള്‍ തന്നെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയില്‍ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായി. ഇന്ത്യന്‍ റെയില്‍വേ പ്രൊടക്ഷന്‍ നിയമത്തിലെ മൂന്ന് വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. യാത്രക്കാരുടെയും ട്രെയിനിന്‍റെയും സുരക്ഷ അപകടത്തിലാക്കല്‍, മദ്യപിച്ച് റെയില്‍വേയുടെ സ്ഥലത്ത് കയറി കുഴപ്പമുണ്ടാക്കല്‍, അതിക്രമിച്ച് കടക്കല്‍ എന്നിവയാണ് വകുപ്പുകള്‍. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ഇയാളെ ഉടന്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

vande-bharath-auto-accident

റെയില്‍വേ അന്വഷണം

ആളപായമില്ലെങ്കിലും അപകടത്തെ ഗൗരവതരമായാണ് റെയില്‍വേ കാണുന്നത്. അപകടത്തെ തുടര്‍ന്ന് ഒന്നര മണിക്കൂറിലേറെ വന്ദേഭാരത് ട്രെയിന്‍ അകത്തുമുറി സ്റ്റേഷനില്‍ പിടിച്ചിടേണ്ടി വന്നു. ട്രെയിനിന്‍റെ മുന്‍ഭാഗത്ത് കേടുപാടുകളുണ്ടായി. ഓട്ടോ ട്രാക്കില്‍ നിന്ന് ഉടന്‍ മാറ്റിയെങ്കിലും ഈ കേടുപാടുകള്‍ പരിഹരിച്ച ശേഷം മാത്രമേ യാത്ര തുടരനായുള്ളൂ. ഇക്കാരണങ്ങളാല്‍, അപകടം സൃഷ്ടിച്ച സാഹചര്യം റെയില്‍വേ പരിശോധിക്കും. പ്ലാറ്റ്ഫോമിലേക്ക് ആര്‍ക്കും വാഹനം ഓടിച്ച് കയറ്റാന്‍ കഴിയുന്ന രീതിയില്‍ താല്‍ക്കാലിക റോഡ് തുറന്നിട്ടത് വീഴ്ചയാണെന്നാണ് പ്രാഥമിക നിഗമനം.

ENGLISH SUMMARY:

A major train accident was narrowly' avoided at Akathumuri station near Varkala after a Kasaragod-bound Vande Bharat Express hit an auto-rickshaw that fell onto the tracks. The drunk driver, Sudhi, drove the vehicle onto the platform via a temporary ramp. He has been arrested under non-bailable charges.