തദ്ദേശതിരഞ്ഞെടുപ്പില്‍ കേരളത്തിന്‍റെയാകെ ശ്രദ്ധ നേടിയ സ്ഥാനാര്‍ഥി ആരെന്ന് ചോദിച്ചാല്‍ അധികം സംശയിക്കാതെ ആരും ഉത്തരം നല്‍കും. തിരുവനന്തപുരം മുട്ടട ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച വൈഷ്ണ സുരേഷ്. വോട്ടര്‍പട്ടികയില്‍ നിന്ന് പേരുവെട്ടി വൈഷ്ണയുടെ സ്ഥാനാര്‍ഥിത്വം അസാധുവാക്കാന്‍ നടത്തിയ ശ്രമവും അതിനെതിരെ അവര്‍ നടത്തിയ നിയമയുദ്ധവുമായിരുന്നു അതിന് കാരണം. ഒടുവില്‍ സ്ഥാനാര്‍ഥിയായ വൈഷ്ണ എല്‍ഡിഎഫിനെ തറപറ്റിച്ച് കോര്‍പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
തിരഞ്ഞെടുപ്പുവിജയത്തിനുശേഷവും പക്ഷേ വൈഷ്ണ വാര്‍ത്തകളില്‍, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നു. ഇക്കുറി രാഷ്ട്രീയമായിരുന്നില്ല കാരണം. തന്‍റെ ചിത്രങ്ങള്‍ ഉപയോഗിച്ച് താന്‍ പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് വൈഷ്ണയ്ക്ക് തുറന്നുപറയേണ്ടിയും വന്നു. തിരഞ്ഞെടുപ്പിന് മുന്‍പോ അതിനുശേഷമോ ഒരു പി.ആര്‍. ഏജന്‍സിയുടെയും സഹായം തേടിയിട്ടില്ലെന്നും വൈഷ്ണ വിശദീകരിച്ചു. ഇതിനെല്ലാം ഒപ്പമാണ് വൈഷ്ണ സുരേഷ് സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രചാരണം വന്നത്. തിരഞ്ഞെടുപ്പിലും ടെലിവിഷനിലും ലഭിച്ച താരപ്രഭ തന്നെയായിരുന്നു കാരണം. ശരിക്കും വൈഷ്ണ സിനിമയില്‍ അഭിനയിക്കുമോ?
തികച്ചും തെറ്റായ പ്രചരണം എന്നാണ് ‘സിനിമാക്കഥ’യെക്കുറിച്ച് വൈഷ്ണയുടെ പ്രതികരണം. തന്‍റെ പടവും വച്ച് ചിന്തിച്ചിട്ടുപോലുമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ അത്തരം നടപടികളില്‍ നിന്ന് പിന്മാറണമെന്ന് വൈഷ്ണ ഫെയ്സ്ബുക് കുറിപ്പില്‍ ആവശ്യപ്പെട്ടു. ദുഷ്പ്രചരണങ്ങളെയും കാപട്യം കൈമുതലാക്കിയവരെയും പൊതുജനങ്ങള്‍ തിരിച്ചറിയണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റാണ് ഇരുപത്തഞ്ചുകാരിയായ വൈഷ്ണ സുരേഷ്. ടെക്‌നോപാർക്ക് ജീവനക്കാരിയായ വൈഷ്ണ പേരൂർക്കട ലോ കോളജിലെ വിദ്യാര്‍ഥിനി കൂടിയാണ്. തിരുവനന്തപുരം പ്രസ് ക്ലബിൽനിന്ന് ജേണലിസം ഡിപ്ലോമ നേടിയ ശേഷം വിവിധ ടിവി ചാനലുകളിലും പൊതുചടങ്ങുകളിലും അവതാരകയായും പ്രവര്‍ത്തിച്ചു. ജില്ലയിലെ കോണ്‍ഗ്രസിന്റെ സമരങ്ങളിലും സജീവ സാന്നിധ്യമാണ്.