കേരളത്തിൽ യാതൊരു കാരണവും കൂടാതെ നിരവധി പരിഹാസങ്ങൾക്ക് വിധേനയായ ഒരു മനുഷ്യനാണ് രമേശ് ചെന്നിത്തലയെന്ന് അഖില്‍ മാരാര്‍. ശബരിമല സ്വർണ്ണ കൊള്ള 1000 കോടിയുടെ ഇടപാടാണെന്ന് കേസന്വോഷിക്കുന്ന എസ്ഐടിയ്ക്ക് വ്യവസായി മൊഴി നൽകി. 500 കോടി കൈമാറിയെന്നും പറഞ്ഞിരിക്കുന്നു. ഈ വിഷയത്തിന്റെ വലുപ്പം കേരളത്തിൽ ആദ്യം പറഞ്ഞത് രമേശ് ചെന്നിത്തലയാണ്. അദ്ദേഹം പറയുക മാത്രമല്ല, എസ്ഐടിയ്ക്ക് നേരിൽ പരാതിയും നൽകിയെന്ന് അഖില്‍ മാരാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
'ചെന്നിത്തലയെ ഒതുക്കാൻ പാർട്ടിയിലെ ഒരു വിഭാഗം ഉണ്ടായിരുന്നു എന്നതും ഒരു ഒരു സത്യമാണ്. എന്നാൽ പ്രതിപക്ഷ നേതാവ് ആയിരുന്ന നാളിൽ അഴിമതി ലക്ഷ്യമിട്ട് സർക്കാർ കൊണ്ട് വന്ന പല പദ്ധതികളും രമേശ് ചെന്നിത്തല പൊതു മധ്യത്തിൽ എത്തിച്ചു പൊളിച്ചു കളഞ്ഞു.
ചെന്നിത്തലയെ ഒതുക്കാൻ പിണറായിയും കൂട്ടരും അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്ന സമീപനം സ്വീകരിച്ചു..
ഇരട്ട പേരുകളും, ഉസ്മാൻ ട്രോളും ഒക്കെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. അദ്ദേഹത്തെ ഒരു മോശം പ്രതിപക്ഷ നേതാവായി ചിത്രീകരിക്കാൻ പലരും അമിതാവേശം കാണിച്ചു. കോവിഡ് വന്ന് പിണറായി വിജയനെ രക്ഷിച്ചതാണ് രണ്ടാം പിണറായി സർക്കാർ വരാൻ ഉണ്ടായ പ്രധാന കാരണം.
പക്ഷെ ആ വീഴ്ച്ച രമേശ് ചെന്നിത്തലയുടെ തലയിൽ വെച്ചു കെട്ടാൻ പലരും ആവേശം കാണിച്ചു. ഒപ്പം ഉണ്ടായിരുന്ന പലരും കാല് വാരി. നിശബ്ദനായി നാളിതുവരെ ജനങ്ങളെ കബളിപ്പിച്ചു ഒന്നും നേടാത്ത ആ മനുഷ്യൻ തന്റെ കർമം മാത്രം തുടർന്നു. ആ കർമത്തിന് ലഭിച്ച വലിയൊരു അംഗീകാരം കൂടിയാണ് എസ്ഐടിയുടെ ഈ വെളിപ്പെടുത്തൽ.
കേരള രാഷ്ട്രീയത്തിൽ രമേശ് ചെന്നിത്തലയുടെയും കോൺഗ്രസിന്റെയും തിരിച്ചു വരവാണിത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി ഡി പാർട്ടിയെയും പ്രവർത്തകരെയും എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കുന്നു എന്നതും ഏറെ സന്തോഷം നൽകുന്നു. ജനാധിപത്യം ഉള്ള പാർട്ടിയിൽ അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും ഉണ്ടാവും. അത് തന്നെയാണ് കോൺഗ്രസ്സിന്റെ ഭംഗിയും. എന്നെ ഈ പാർട്ടിയോട് ചേർത്ത് നിർത്തുന്നതും അഭിപ്രായ സ്വാതന്ത്ര്യം എന്ന മൂല്യം കൂടിയാണ്' .- അഖില്‍ വ്യക്തമാക്കുന്നു.
. 10 ദിവസം മുൻപ് രമേശ് ചെന്നിത്തലയുടെ ഇടപെടൽ ഞാൻ പോസ്റ്റ് ചെയ്തപ്പോൾ പരിഹസിചവർക്ക് എസ്ഐടിയുടെ കണ്ടെത്തൽ കൊണ്ടൊരു മറുപടി സമർപ്പിക്കുന്നുവെന്ന് പറഞ്ഞാണ് ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത്.